സര്‍ക്കാര്‍ വിഹിതം കുറഞ്ഞു; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകും
തിരുവനന്തപുരം: സര്‍ക്കാര്‍ വിഹിതത്തില്‍ കുറവുവന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകാതെ കെ.എസ്.ആര്‍.ടി.സി. സാധാരണ മാസത്തിന്റെ അവസാന ദിവസമാണ് കെ.എസ്.ആര്‍.ടി.സി ശമ്പളം നല്‍കാറുള്ളത്. എന്നാല്‍, ജൂലൈ മാസത്തെ ശമ്പളം ലഭിക്കാന്‍ ഓഗസ്റ്റ് പത്തെങ്കിലും ആകും.
ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ എല്ലാ മാസവും 20 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാറുള്ളത്. എന്നാല്‍, ഇത്തവണ നാലരക്കോടി രൂപ കുറച്ചാണ് അനുവദിച്ചത്. ഡീസല്‍ വാങ്ങിയ വകയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നല്‍കാനുള്ള തുകയാണ് കുറച്ചശേഷം നല്‍കിയത്. ഇതുകാരണമാണ് ശമ്പളം മുടങ്ങിയതെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ശമ്പളത്തിനുള്ള തുക മറ്റു കാര്യങ്ങള്‍ക്കായി ചെലവഴിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.ഇനിയുള്ള ദിവസങ്ങളില്‍ ലഭിക്കുന്ന കളക്ഷന്‍ എടുത്ത് ശമ്പളത്തില്‍ കുറവുള്ളത് നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. പത്തുദിവസത്തെ കളക്ഷനെങ്കിലും ഇതിനായി വേണ്ടിവരും. അതിനാലാണ് പത്താം തിയതിക്കുള്ളില്‍ ശമ്പളം നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ജൂലൈ മാസത്തെ ശമ്പളം മുടങ്ങിയത് ഫണ്ട് വകമാറ്റിയതുമൂലമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് തമ്പാനൂര്‍ രവി ആരോപിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നീക്കിവച്ച തുകയില്‍ നിന്ന് ആറ് കോടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും എസ്.ബി.ഐ കാപ്പിറ്റലിനും നല്‍കാന്‍ ഗതാഗത വകുപ്പ് ഉത്തരവിട്ടതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."