പുണ്യനഗരികളില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കുള്ള വിലക്ക് നിലവില്‍ വന്നു
മക്ക: ടെന്റുകളിലും പുണ്യസ്ഥലങ്ങളിലെ ഗവണ്‍മെന്റ് ഓഫിസുകളിലും ഗ്യാസ് സിലിണ്ടറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നിയമം പ്രാബല്യത്തില്‍ വന്നു. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗ്യാസ് സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ടെന്റുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതും ചൂടാക്കുന്നതുമെല്ലാം നിയമലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് ഔദ്യോഗിക വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ഹമ്മാദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിവിധ തരത്തിലുള്ള മുഴുവന്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിനും പ്രവേശിപ്പിക്കുന്നതിനുമെല്ലാം നിരോധനം ബാധകമാണെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി വ്യക്തമാക്കി.
സര്‍വിസ് കമ്പനികളും മുതവ്വിഫ് എസ്റ്റാബ്ലിഷ്‌മെന്റും ഹജ്ജ് മിഷനുകളും സന്നധസംഘടനകളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും സിവില്‍ ഡിഫന്‍സ് വക്താവ് ഓര്‍മിപ്പിച്ചു.
അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായം നല്‍കുന്നതിന് സഊദി റെഡ്ക്രസന്റിന്റെ അഞ്ച് എയര്‍ ആംബുലന്‍സുകള്‍ പുണ്യനഗരിയില്‍ സജ്ജമാക്കുമെന്നു സഊദി റെഡ് ക്രസന്റ് അറിയിച്ചു. പ്രസിഡന്‍സി ഓഫ് സ്‌റ്റേറ്റ് സെക്യൂരിറ്റി, സെക്യൂരിറ്റി ഏവിയേഷന്‍, പ്രതിരോധ മന്ത്രാലയം, മെഡിക്കല്‍ ഇവാക്കേഷണല്‍ സര്‍വിസ് എന്നിവയുടെയും സഹകരണത്തോടെ അടിയന്തര ആരോഗ്യസേവന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതിവേഗത്തില്‍ പറന്നെത്താനും മക്ക മേഖലയിലെ ഏത് ആശുപത്രികളിലും നിമിഷ നേരത്തു പറന്നിറങ്ങി രോഗികളെ കൈമാറാനും സാധ്യമാകുന്നതരത്തിലുള്ള അത്യാധുനിക എയര്‍ ആംബുലന്‍സുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഹാജിമാര്‍ക്ക് സൗകര്യത്തിനായി മക്കയിലും പരിസരങ്ങളിലും ഫൈവ് ജി നെറ്റവര്‍ക്ക് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
മക്ക, മശാഇര്‍ എന്നിവിടങ്ങളിലാണ് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.
ഫൈവ് ജി നെറ്റവര്‍ക്ക് ഉദ്ഘാടനം മക്ക അമീറും സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍വഹിച്ചു.
ഹജ്ജ് കാലത്ത് തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഫൈവ് ജി സംവിധാനം നടപ്പിലാക്കിയത്. തീര്‍ഥാടകരുടെ സൗകര്യത്തിനായി ഒരുക്കുന്ന ആപ്പുകളും പോര്‍ട്ടലുകളും ഉള്‍പ്പെടുന്ന രണ്ടാംഘട്ട സ്മാര്‍ട്ട് ഹജ്ജ് പദ്ധതിയുടെ ഭാഗം കൂടിയാണ് ഫൈവ് ജി സേവനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."