ശബരിമല: കേന്ദ്രസര്‍ക്കാരില്‍ നിയമനിര്‍മാണം നടത്താന്‍ തയാറാകണം: ശ്രീ അയ്യപ്പ ധര്‍മപരിഷത്ത്
കൊല്ലം: ശബരിമല ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താതെ നിലനിറുത്തുവാന്‍ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം വിനിയോഗിച്ച് നിയമനിര്‍മാണം നടത്തുവാന്‍ തയാറാകണമെന്ന് ശബരിമല ശ്രീ അയ്യപ്പ ധര്‍മപരിഷത്ത് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ശബരിമല വിശ്വാസികളുടെ ആചാരങ്ങളെ ഹനിക്കുന്ന കോടതി വിധി മറികടക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയെന്നതാണ് പോംവഴി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണ അധികാരം ഇല്ലായെന്ന വസ്തുത ബോധ്യപ്പെടേണ്ടതുണ്ട്.
വിധി പുറപ്പെടുവിച്ച ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല. എന്നാല്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ആചാരാനുഷ്ഠാനങ്ങളില്‍ കോടതി ഇടപെടല്‍ ദൂരവ്യാപക പ്രത്യാഥാതങ്ങള്‍ സൃഷ്ടിക്കും. ഇക്കാര്യത്തില്‍ വനിതാ ജഡ്ജിയായ ഇന്ദുമല്‍ഹോത്രയുടെ അഭിപ്രായം അയ്യപ്പ വിശ്വാസികളുടെ ശബ്ദമാണ്. വിധിയുടെ പശ്ചാത്തലത്തില്‍ ഭാരതത്തിലെ എല്ലാവിഭാഗം വിശ്വാസികള്‍ക്കും അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ധര്‍മപരിഷത് ചെയര്‍മാന്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അയര്‍ക്കുന്നം രാമന്‍ നായര്‍ അധ്യക്ഷനായി. മണ്ണടി അനില്‍, ആറുമാനൂര്‍ ഉണ്ണികൃഷ്ണന്‍, കെ. വേണുഗോപാല്‍, എം.എന്‍ ഗോപാലകൃഷ്ണപ്പണിക്കര്‍, ചവറ സുരേന്ദ്രന്‍പിള്ള, പ്രവീണ്‍ കോട്ടക്കുഴി, തഞ്ചാവൂര്‍ ശ്രീധരന്‍ ശാസ്ത്രികള്‍, നാഗേന്ദ്രറാവു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."