കുന്നുംകൈ അങ്കണവാടി നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍
കുന്നുംകൈ: സ്വകാര്യവ്യക്തിയുടെ ചോര്‍ന്നൊലിക്കുന്ന വീടിന്റെ ഓരത്ത് പ്രവര്‍ത്തിച്ചു വരുന്ന കുന്നുംകൈ അങ്കണവാടിക്കു ഒടുവില്‍ ശാപമോക്ഷം. കെട്ടിടം ഒരുങ്ങിയതോടെ നാളെ കുട്ടികള്‍ പുതിയ കെട്ടിടത്തിലേക്കു മാറി പഠനം തുടരും.
കുന്നുംകൈ കിണറിനു സമീപമുള്ള മൂന്നു സെന്റ് റവന്യു ഭൂമിയിലാണു പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കെട്ടിടം അനുവദിച്ചത്. മൂന്നു വര്‍ഷമായി മാറി മാറി സ്വകാര്യ വീടുകളുടെ ഓരത്താണ് പതിനഞ്ചോളം കുട്ടികള്‍ പഠിച്ചുവന്നിരുന്നത്. നേരത്തെ വാടക കെട്ടിടത്തില്‍ പ്രവര്ത്തിച്ചുവന്നതില് കെട്ടിട ഉടമ മുറി ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇവര്‍ വഴിയാധാരമായത്.
ഇവരുടെ ദുരവസ്ഥ മനസിലാക്കി താല്‍ക്കാലികമായി സമീപത്തെ സ്വകാര്യ വ്യക്തികള്‍ തങ്ങളുടെ വീടുകള്‍ വിട്ടു കൊടുത്തു പഠനം തുടര്‍ന്നു. തങ്ങളുടെ ദുരിതങ്ങള്‍ക്കു പരിഹാരം തേടി കെട്ടിടത്തിനായി സ്ഥലം ആവശ്യപ്പെട്ടു കുട്ടികളും അധ്യാപകരും ചേര്‍ന്നു കാസര്‍കോട് നടന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്നു സ്ഥലം അളന്നുതിട്ടപ്പെടുത്താന്‍ അന്നു തന്നെ മുഖ്യമന്ത്രി ഉത്തരവിട്ടു. ശേഷം വിവിധ വകുപ്പുകളിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് ഭൂമി അനുവദിക്കപ്പെട്ടതും തുടര്‍ന്ന് കെട്ടിടം നിര്‍മിച്ചതും.
കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ അഞ്ചിനു എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."