അതുല്യം അതുലിന്റെ ട്രോളുകള്‍
ആക്ഷേപഹാസ്യത്തിലൂടെ കാര്യം പറയുകയും ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന ട്രോളുകള്‍ക്ക് ഇന്ന് അതുല്യമായ സ്വീകാര്യതയാണ്. ട്രോളുകള്‍ കണ്ടുണര്‍ന്ന് ട്രോളുകളില്‍ ജീവിച്ച് ട്രോളുകള്‍ കണ്ടു തന്നെ ഉറങ്ങുകയും ചെയ്യുന്ന ന്യൂജന്‍സിന്, ട്രോളന്മാരോട് വലിയ മതിപ്പുമാണ്.
കോളജ് കാലത്താണ് അതുലിന്റെ ട്രോളുകള്‍ പിറവിയെടുക്കുന്നത്. കൂട്ടുകാര്‍ കാണിച്ചുകൂട്ടുന്ന മണ്ടത്തരങ്ങളും ക്ലാസില്‍ സംഭവിക്കുന്ന അബദ്ധങ്ങളും അന്ന് അതുലിന്റെ ട്രോളുകളില്‍ പ്രതിഫലിച്ചു. ഏറെ ചിരിപ്പിക്കുന്ന ക്ലാസ് സന്ദര്‍ഭങ്ങള്‍ക്ക് യോജിക്കുന്ന രീതിയിലുള്ള സീന്‍ മനസില്‍ കാണുകയും പിന്നീട് ട്രോള്‍ ഭാഷ്യം നല്‍കുകയുമായിരുന്നു. ഇങ്ങനെ ഒരു സുഹൃത്തിന് പറ്റിയ മണ്ടത്തരമാണ് തന്റെ കയ്യില്‍ വിരിഞ്ഞ ആദ്യത്തെ ട്രോള്‍.
ഫോട്ടോ ട്രോളുകളേക്കാള്‍ അതുല്‍ ചെയ്യാറുള്ളത് വീഡിയോ ട്രോളുകളാണ്. ആദ്യം ഫോട്ടോ ട്രോളുകളാണ് ചെയ്തിരുന്നതെങ്കിലും റീച്ച് കൂടുതല്‍ വീഡിയോയ്ക്കാണെന്ന് മനസിലാക്കി അതിലേക്ക് ചുവടുമാറ്റുകയായിരുന്നു. ട്രോളുകളില്‍ നിന്ന് പിന്നീട് അതുലിന്റെ സഞ്ചാരം സ്പൂഫ് വീഡിയോയിലേക്കും തെല്ലൊന്ന് മാറി. ഇതില്‍ കെജിഎഫ് സ്പൂഫ് വീഡിയോ ചെയ്തപ്പോഴാണ് തനിക്ക് ഏറ്റവും സന്തോഷം തോന്നിയതെന്ന് അതുല്‍ പറയുന്നു. മനസിന് സന്തോഷം നല്‍കുന്നത് കൂടിയാകുമ്പോഴാണല്ലോ, കല അതിന്റെ പൂര്‍ണാര്‍ഥത്തിലെത്തുന്നത്.
തയ്യാറെടുപ്പ്
ട്രോള്‍ ഉണ്ടാക്കാന്‍ തയ്യാറെടുപ്പല്ല വേണ്ടതെന്ന് അതുല്‍. നല്ലൊരു ആശയം ആണ് ആദ്യം വേണ്ടത്. പിന്നീട് അത് വര്‍ക്കൗട്ടാവുമോയെന്ന് നോക്കും. എന്നിട്ടു മാത്രമേ അതിനു വേണ്ട ചേരുവകള്‍ ചേര്‍ക്കാന്‍ തുടങ്ങുകയുള്ളൂ.
നമ്മള്‍ അതിനായി തയ്യാറെടുത്തു നില്‍ക്കുമ്പോള്‍ ഐഡിയ വന്നുകൊള്ളണമെന്നില്ല. മറ്റേതു സമയത്തും ഐഡിയ കത്താം. അപ്പോള്‍ തന്നെ അതിന് ആവശ്യമായ ക്ലിപ്പുകള്‍ മനസില്‍ വയ്ക്കും. നോട്ടും ചെയ്യാറുണ്ട്. നോട്ട് ചെയ്താല്‍ മറക്കില്ലല്ലോ, വീഡിയോ ചെയ്യാന്‍ നേരം അതു നോക്കിയാല്‍ മതി.
ഒരു പണിയുമില്ലാത്തവരാണോ
ട്രോളന്മാര്‍?
എളുപ്പപ്പണിയല്ല ട്രോളുണ്ടാക്കല്‍. ഒരു ട്രോള്‍ വീഡിയോ ചെയ്‌തെടുക്കാന്‍ മൂന്നു മണിക്കൂറോളം എടുക്കും. എന്നാല്‍ ഒരു പണിയുമില്ലാത്തതു കൊണ്ടല്ല ട്രോളുണ്ടാക്കുന്നത്. ചിലരുടെ വിചാരവും പറച്ചിലും അങ്ങനെയാണ്, വെറുതെ ഇരിക്കുന്നവരാണ് ട്രോളന്മാരെന്നും സമയം കൊല്ലാനാണ് ട്രോളുണ്ടാക്കുന്നതെന്നും വരെ പറയുന്നവരുണ്ട്. അങ്ങനെയൊന്നുമല്ല, താനറിയുന്ന ട്രോളന്മാരെല്ലാം പഠിക്കുകയോ ജോലിക്കു പോകുന്നവരോ ആണെന്നും അതുല്‍ സജീവ് പറയുന്നു. തങ്ങളുടെ ഫ്രീ ടൈമിലാണ് ട്രോളുകള്‍ ചെയ്യാറുള്ളത്. അതൊരു കലാ പ്രവര്‍ത്തിയായായാണ് കാണുന്നതും. മറ്റേതൊരു കലയും പഠനത്തിനൊപ്പവും ജോലിക്കൊപ്പവും നടക്കുന്നുണ്ടല്ലോ, പിന്നെന്തു കൊണ്ട് ട്രോളന്മാര്‍ക്കായിക്കൂടാ..
ടൂള്‍സ്
ആദ്യമൊക്കെ ഫോണില്‍ തന്നെയാണ് ട്രോളുകള്‍ ചെയ്തിരുന്നത്. പവര്‍ഡയരക്ടര്‍ പോലുള്ള ആപ്പുകള്‍ അതിനായി ഉപയോഗിച്ചു. ഇപ്പോള്‍ ലാപ്‌ടോപാണ് ഉപയോഗിക്കുന്നത്. പ്രീമിയര്‍ പ്രോ സോഫ്റ്റ്‌വെയറാണ് സഹായി. ക്ലിപ്പുകളൊക്കെ യൂട്യൂബില്‍ നിന്നോ, മൂവികളില്‍ നിന്നോ കട്ട് ചെയ്‌തെടുക്കും.
ഭീഷണിയുണ്ടോ?
ട്രോളിന്റെ പേരില്‍ ഭീഷണി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അതുല്‍ സജീവ്. പലരും നേരിട്ടും മെസേജിലൂടെയും അഭിനന്ദിക്കാറുമുണ്ട്.
പുതു ട്രോളന്മാരോട്
നല്ല ഫാന്‍ബേസ് ഉണ്ടാക്കാന്‍ പറ്റിയ ഇടമാണ് ട്രോളെന്ന് പറയുന്നു അതുല്‍ സജീവ്. ഇതൊരു വിനോദം കൂടി ആയതുകൊണ്ട് നല്ല റീച്ചും കിട്ടും. കാര്‍ട്ടൂണ്‍, ഹാസ്യാക്ഷേപത്തിന്റെ പുതിയവേര്‍ഷനാണ് ട്രോളെന്നു പറയാം. അപ്പോള്‍ സര്‍ഗാത്മഗതയുടെ അംശം ഇല്ലാതെ പറ്റില്ല. തമാശയ്ക്ക് എല്ലാ കാലത്തും സ്വീകാര്യതയുണ്ട്. അത് ഓരോ ഘട്ടത്തിലും ഓരോ രൂപത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അതുല്‍ സജീവിന് 65.3 കെ ഫോളോവര്‍മാരുണ്ട്. ഇതിനകം അഞ്ഞൂറോളം ട്രോളുകള്‍ ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പല വീഡിയോ ട്രോളുകളും എപ്പിസോഡുകളായാണ് ചെയ്യാറുള്ളത്.
ബി.ടെക് മാമന്‍
എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ വീട്ടില്‍ അപ്പയ്ക്കും അമ്മയ്ക്കും ഏട്ടനും ഒപ്പമാണ് ആളുകളെ രസിപ്പിക്കുന്ന ഈ ബി.ടെക് മാമന്റെ താമസം. തൃശൂര്‍ ഗവ. എന്‍ജീനിയറിങ് കോളജില്‍ നിന്ന് ബി.ടെക് ബിരുദമെടുത്ത അതുല്‍, ഇപ്പോള്‍ എറണാകുളം എസ്.എം.ഇ.സി ലാബ്‌സില്‍ റോബോട്ടിക്‌സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സ് ചെയ്യുന്നു. വീട്ടിലോ കുടുംബത്തിലോ ട്രോളന്മാരില്ലെങ്കിലും സൗഹൃദവലയത്തില്‍ നിരവധി പേരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."