നാടിനെ പുനര്‍നിര്‍മിക്കാം; രജിസ്‌ട്രേഷന് മൊബൈല്‍ ആപ്പ്
കണ്ണൂര്‍: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്കായി മൊബൈല്‍ ആപ്പ്. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച നവകേരള കര്‍മസേനയുടെ രജിസ്‌ട്രേഷനായാണ് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയത്.
ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച സന്നദ്ധ സേനയിലേക്ക് 'വി ആര്‍ കണ്ണൂര്‍' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാണ് പുതിയ സംവിധാനം. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ കീഴിലുള്ള കോംപീറ്റന്‍സ് സെന്റര്‍ ഫോര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍സ് ഡെവലപ്‌മെന്റ് തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ പ്രകാശനം ചെയ്തു. 'വി ആര്‍ കണ്ണൂര്‍' മൊബൈല്‍ ആപ്ലിക്കേഷനില്‍ കര്‍മസേന എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് ലഭ്യമാവും. നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തിയാണ് കര്‍മസേന രൂപീകരിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സാങ്കേതിക പരിജ്ഞാനമുള്ളവര്‍, തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍, സന്നദ്ധസേവനത്തിന് താല്‍പര്യമുള്ളവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, തൊഴില്‍ സാങ്കേതിക വൈദഗ്ധ്യം തുടങ്ങിയ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ബട്ടന്‍ അമര്‍ത്തിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. മൊബൈല്‍ ആപ്പ് നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ അപ്‌ഡേറ്റ് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഐക്കണ്‍ ലഭിക്കും.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗിസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു, ജില്ലാ യുവജനക്ഷേമ ഓഫിസര്‍ വിനോദന്‍ പൃത്തിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."