അര്ച്ചനയിനി തനിച്ചല്ല; കൂട്ടിരുന്നു പഠിക്കാന്‍ ആദിത്യനുണ്ട്
കാസര്‍കോട്: ഒന്നാം ക്ലാസില്‍ ഒറ്റയ്ക്കിരുന്ന് പഠിച്ച അര്‍ച്ചന രണ്ടാം ക്ലാസ് മുതല്‍ തനിച്ചല്ല. കൂട്ടിരുന്നു പഠിക്കാന്‍ ഒരു കൂട്ടുകാരനെത്തിയതിന്റെ സന്തോഷത്തിലാണ് അര്‍ച്ചന. പാട്ടും കളികളുമായി ഒന്നാം ക്ലാസിലെ കുട്ടികള്‍ കളിച്ചും പഠിച്ചും ചിരിച്ചും ഉല്ലസിക്കുമ്പോള്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചെറിയാക്കര സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ ഒറ്റയ്ക്കിരുന്ന് പഠിക്കുന്ന അര്‍ച്ചന വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കൂട്ടുകാരെ എത്തിക്കാന്‍ കഴിഞ്ഞതവണ സ്കൂള്‍ അധികൃതര്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ വിജയിച്ചില്ല.
പിലിക്കോട് ഗവ. യു.പി സ്കൂളില്‍ നിന്നും ടി.സി യുമായി എത്തിയ ആദിത്യനാണ് ക്ലാസ് മുറിയില്‍ അര്‍ച്ചനയ്ക്ക് കൂട്ട്. ഇതുമാത്രമല്ല ഒരു കുട്ടി മാത്രം പ്രവേശനം നേടിയ വിദ്യാലയമെന്ന പേരുദോഷവും ഇക്കുറി വിദ്യാലയത്തിനില്ല. അഞ്ചുകുട്ടികള്‍ ഒന്നാംതരത്തിലുമെത്തി. കാര്‍ത്തിക്, നിരഞ്ജന, വൈഗ, അനുഗ്രഹ്, സുനു കാര്‍ത്തിക് എന്നിവരാണ് നവാഗതര്‍. ഇവര്‍ക്കൊപ്പം ആദിത്യനും പ്രവേശനോത്സവത്തില്‍ വരവേല്‍പ്പൊരുക്കി.
ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി ആകെ 16 കുട്ടികളാണ് ഇവിടെയുള്ളത്.വിദ്യാലയത്തിലെ പഠനിലവാരമില്ലായ്മയോ ഭൗതിക സാഹചര്യക്കുറവോ ഒന്നുമല്ല കുട്ടികളുടെ എണ്ണം കുറയാന്‍ കാരണം. ചെങ്കുത്തായ ഇറക്കവും കുട്ടികള്‍ക്ക് സ്കൂളിലെത്താനുള്ള റോഡില്ലാത്തതുമാണ് സ്കൂളിന്റെ പ്രവര്‍ത്തനത്തെയും കുട്ടികളുടെ പ്രവേശനത്തെയും ബാധിച്ചിരിക്കുന്നത്.
കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം വൈവിധ്യമാര്‍ന്ന പരിപാടികള്‍ വിദ്യാലയം ഏറ്റെടുത്തിരുന്നു. എല്‍.എസ്.എസ് പരീക്ഷയിലെ നേട്ടത്തിലൂടെയും അക്കാദമിക മുന്നേറ്റം അടയാളപ്പെടുത്തി. കുട്ടികള്‍ക്കായി സ്മാര്‍ട്ട് ക്ലാസ് റൂം അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."