കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി. ഇന്ത്യയിലെയും ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളിലെയും ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും അടക്കം 54 കോടിയുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടിയത്. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ ഈ നടപടി വിചിത്രവും വിലക്ഷണവുമാണെന്ന് പി. ചിദംബരം പ്രതികരിച്ചു.
ഐ.എന്‍.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടത്തിയെന്ന കേസിലാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാലിലും ഊട്ടിയിലും ഡല്‍ഹിയിലെ ജോര്‍ബാഗിലുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലെ കോട്ടേജ്, വീട്, സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ടെന്നിസ് കോര്‍ട്ട് എന്നിവക്കുപുറമെ ചെന്നൈയിലെ ഒരു ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 90 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. കാര്‍ത്തി ചിദംബരത്തിന്റെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."