കുന്ദമംഗലം ഗവ. കോളജ് പ്രവൃത്തി എങ്ങുമെത്തിയില്ല ശിലാസ്ഥാപനം കഴിഞ്ഞിട്ട് ഒന്നര വര്‍ഷം
കുന്ദമംഗലം: കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കുന്ദമംഗലത്ത് അനുവദിച്ച കോളജിന്റെ നിര്‍മാണ പ്രവൃത്തി എങ്ങുമെത്തിയില്ല. ഗവ. കോളജുകള്‍ ഇല്ലാത്ത എല്ലാ നിയോജക മണ്ഡലങ്ങളിലും കോളജുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതു പ്രകാരമാണ് കുന്ദമംഗലത്ത് കോളജ് അനുവദിച്ചത്.
2016 ജനുവരി 31ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനാണ് ചാത്തമംഗലം പഞ്ചായത്തിലെ കോട്ടോല്‍കുന്നില്‍ കോളജിന് തറക്കല്ലിട്ടത്. യു.ഡി.എഫ് ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉദ്ഘടാനം നടത്തിയെങ്കിലും കഴിഞ്ഞ നവംബര്‍ മാസത്തിലാണ് കെട്ടിടനിര്‍മാണം ആരംഭിച്ചത്. ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് നിലവില്‍ കോളജ് പ്രവര്‍ത്തിക്കുന്നത്.
ഈ അധ്യയനവര്‍ഷം മുതല്‍ കോളജ് പുതിയ കെട്ടിടത്തില്‍ ആരംഭിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അടുത്ത അധ്യയന വര്‍ഷത്തിലും ഇവിടെ കോളജ് ആരംഭിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തുന്നത്.
കെട്ടിടത്തിന്റെ പ്രാഥമിക നിര്‍മാണ പ്രവൃത്തിയെന്ന നിലയല്‍ പില്ലര്‍ നിര്‍മാണം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.25 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
അതിനിടെ കോളജ് പ്രവത്തനമാരംഭിക്കാന്‍ വൈകുന്നത് യു.ഡി.എഫ് സര്‍ക്കാര്‍ സഹകരിക്കാത്തത് കൊണ്ടാണെന്നായിരുന്നു അന്ന് എം.എല്‍.എ പറഞ്ഞിരുന്നത്. ഇപ്പോള്‍ എല്‍.ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും കോളജ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ വൈകുന്നത് എം.എല്‍.എയുടെ അനാസ്ഥയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ബി കോം വിത്ത് ഫിനാന്‍സ്, ബി.എ ഡെവലപ്‌മെന്റ്, ഇക്കണോമിക്‌സ് വിത്ത് ഫണ്ടമെന്റല്‍സ് ഓഫ് ഫോറിന്‍ ട്രേഡ് ആന്‍ഡ് ബേസിക് ഇക്കണോമിക് മെത്തേഡ്‌സ്, ബി.എ ഇംഗ്ലിഷ് വിത്ത് ജേര്‍ണലിസം ആന്‍ഡ് പബ്ലിക് റിലേഷന്‍ എന്നീ കോഴ്‌സുകളാണ് കോളജില്‍ നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."