'നബീദി'ന്റെ മാധുര്യവുമായി ഈജിപ്തിലെ റമദാന്‍
വിശ്വനാഗരികതയുടെ കളിത്തൊട്ടിലായി ഗണിക്കപ്പെടുന്ന അറബ് രാജ്യമാണ് ഈജിപ്ത്. ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന ചരിത്രപ്രധാന രാജ്യത്ത് 10 കോടിയോളം ജനങ്ങളധിവസിക്കുന്നു. ജനസംഖ്യയുടെ 90 ശതമാനവും മുസ്‌ലിംകളാണ്. കോപ്റ്റിക് വംശജരുള്‍പ്പെടെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍. നൈല്‍ നദി, സീനാ പര്‍വതം, പിരമിഡുകള്‍, അല്‍ അസ്ഹര്‍ കലാശാല, സൂയസ് കനാല്‍ തുടങ്ങി ഒട്ടേറെ സ്മാരകങ്ങള്‍ രാജ്യത്തെ സമ്പന്നമാക്കുന്നു.
രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്വാബിന്റെ കാലത്താണ് ഈജ്പ്ത് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാകുന്നത്. സ്വഹാബി പ്രമുഖന്‍ അംറ് ബിന്‍ ആസ്വിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യത്തോട് റോമന്‍ സാമ്രാജ്യം അടിയറവു പറഞ്ഞതോടെയായിരുന്നു ഇത്. ശീഈ ഭരണകൂടമായ ഫാത്വിമികള്‍ക്കു കീഴില്‍ 970ല്‍ സ്ഥാപിക്കപ്പെട്ടതാണ് വിശ്വപ്രസിദ്ധമായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി. രാജ്യത്തെ ഇസ്‌ലാമിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക സ്ഥാനമാണ് ഇന്നും അസ്ഹറിനുള്ളത്.
മറ്റു ലോകരാജ്യങ്ങളെക്കാള്‍ സവിശേഷതകള്‍ നിറഞ്ഞതാണ് ഈജിപ്തിലെ റമദാന്‍ മാസം. ജനജീവിതത്തെ വലിയ തോതില്‍ തന്നെ നോമ്പുകാലം സ്വാധീനിക്കുന്നു. വിശുദ്ധ ഗ്രന്ഥം അവതീര്‍ണമായ മാസത്തില്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നതിനും ഹൃദിസ്ഥമാക്കുന്നതിനും വന്‍ പ്രാധാന്യമാണ് ഈജിപ്തുകാര്‍ നല്‍കാറ്. ടാക്‌സിഡ്രൈവര്‍മാരും പൊലിസ് ഉദ്യോഗസ്ഥരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ റമദാനിലുടനീളം ഖുര്‍ആന്‍ പ്രതികള്‍ കൈയില്‍ കരുതുന്നതും സൗകര്യപ്പെടുമ്പോഴെല്ലാം പാരായണത്തില്‍ മുഴുകുന്നതും നിത്യകാഴ്ചയാണ്. ടാക്‌സികളിലും ഇതര പൊതുഗതാഗത വാഹനങ്ങളിലുമെല്ലാം ഖുര്‍ആന്‍ പാരായണമാണ് റമദാനില്‍ മുഴങ്ങിക്കേള്‍ക്കുക.
അതീവ രുചികരവും വിഭവസമൃദ്ധവുമാണ് ഈജിപ്തിലെ ഇഫ്താര്‍ വിരുന്നുകള്‍. മനസിനും ശരീരത്തിനും ഒരുപോലെ കുളിരേകുന്ന വിവിധതരം പഴച്ചാറുകള്‍ നോമ്പുതുറയുടെ നിര്‍ബന്ധ ഘടകമാണ്. കാരക്ക, ആപ്രിക്കോട്ട്, അത്തിപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ പഴങ്ങള്‍ മണിക്കൂറുകളോളം വെള്ളത്തിലിട്ട് കുതിര്‍ത്തുവെച്ചാണ് ഇത്തരം പഴച്ചാറുകള്‍ തയാറാക്കുന്നത്. 'നബീദ്' എന്ന പേരിലറിയപ്പെടുന്ന ഇവ കുതിരവണ്ടികളുടെ പിറകില്‍ തയാറാക്കിയ പരമ്പരാഗത ജാറുകളില്‍ തെരുവുകളിലുടനീളം ഇഫ്താര്‍ സമയത്ത് വിതരണം നടത്തുന്നു.
ഗോതമ്പുപൊടി കൊണ്ടുണ്ടാക്കുന്ന സവിശേഷ റൊട്ടിയായ 'ഐശ്', 'ഖീന' എന്നു വിളിക്കുന്ന നീളന്‍ ബണ്ണ്, നാമമാത്ര പച്ചരിച്ചോറ് എന്നിവക്കൊപ്പം വലിയൊരളവില്‍ ആട്ടിറച്ചിയും ചേരുന്നതാണ് പരമ്പരാഗത ഇഫ്താര്‍ വിഭവങ്ങള്‍. വര്‍ധിച്ചുവരുന്ന പാശ്ചാത്യ സ്വാധീനത്തിന്റെ ഫലമായി പെപ്‌സി, കോള തുടങ്ങിയ ശീതള പാനീയങ്ങളും ഈജിപ്ഷ്യന്‍ യുവതലമുറ ഈയിടെയായി വലിയതോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അതിഥിയായി ഈജിപ്തില്‍ റമദാനിലെത്തിയ ശറഫുദ്ദീന്‍ ഹുദവി പറപ്പൂര്‍ പറയുന്നു.
പള്ളികളിലെ ഇഫ്താര്‍ വിരുന്നുകള്‍ക്കു പുറമെ തെരുവോരങ്ങളില്‍ സജ്ജമാക്കുന്ന നോമ്പുതുറ സദ്യയാണ് 'മാഇദത്തു റഹ്മാന്‍'. സമൃദ്ധമായ വിഭവങ്ങളോടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തയാറാക്കുന്ന ഇത്തരം സദ്യകളില്‍ നോമ്പുകാരായ ആര്‍ക്കും പങ്കെടുത്ത് വയറുനിറയെ ഭക്ഷണം കഴിച്ചുമടങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."