സര്‍ക്കാര്‍ ഫണ്ടിലൂടെ നിര്‍മിച്ച വീടുകള്‍ നിബന്ധനകളോടെ വില്‍ക്കാന്‍ അനുമതി
കൊണ്ടോട്ടി: സര്‍ക്കാര്‍ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുമായി പത്ത് വര്‍ഷത്തെ കരാറില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കുന്നതിന് ഗുണഭോക്താക്കള്‍ക്ക് നിബന്ധനകളോടെ അനുമതി. വീട് വില്‍പനക്കുള്ള ആവശ്യകത അറിയിച്ചുള്ള അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം ഭവന പദ്ധതിയില്‍ കൈപ്പറ്റിയ തുകയും അതിന്റെ 12 ശതമാനം പലിശയും ഗുണഭോക്താവ് തിരിച്ചടക്കുകയും വേണം.
തദ്ദേശ സ്ഥാപനങ്ങളുടെ ഭവന പദ്ധതിയില്‍ തുക കൈപ്പറ്റി നിര്‍മിച്ച വീടുകള്‍ ആദ്യത്തെ പത്ത് വര്‍ഷത്തേക്ക് ഉടമക്ക് വില്‍ക്കാന്‍ പാടില്ലെന്ന നിയമത്തിലാണ് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ ഇളവ് വരുത്തിയത്. വീട് വില്‍ക്കാന്‍ സര്‍ക്കാരിന് നേരിട്ട് നല്‍കേണ്ട അപേക്ഷ പഞ്ചായത്ത് സെക്രട്ടറി മുഖേന ജില്ലാകലക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചാല്‍ മതി.
ലൈഫ് മിഷന്‍ ഒഴികെ മുഴുവന്‍ പദ്ധതികള്‍ക്കും നേരത്തെ രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നത്. ലൈഫ് മിഷന് നാലുലക്ഷം രൂപയാണ് ഘട്ടംഘട്ടമായി നല്‍കുന്നത്. അപേക്ഷകന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ഒപ്പുവച്ചുള്ള കരാറിന്റെ പകര്‍പ്പ്, വീട് വില്‍ക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നതിന്റെ രേഖകള്‍ തുടങ്ങിയവ അപേക്ഷയോടൊപ്പം പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം.
വില്‍പനക്കുള്ള സാധ്യത പരിശോധിച്ച് വീട് വില്‍ക്കാനുള്ള ശുപാര്‍ശ ചെയ്തുള്ള സെക്രട്ടറിയുടെ സാക്ഷ്യപത്രം കലക്ടര്‍ക്ക് നല്‍കുന്ന അപേക്ഷയോടൊപ്പം ഹാജരാക്കണം. വീട് വിറ്റതിനു ശേഷം അപേക്ഷകന്‍ ഭവന രഹിതനാകുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയുള്ള തദ്ദേശ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടും ഹാജരാക്കണം.
കൂടാതെ, അപേക്ഷകന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സത്യമാണെന്നും ഭാവിയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഭവന ആനുകൂല്യങ്ങള്‍ക്ക് അപേക്ഷകന്‍ അര്‍ഹനല്ലെന്നും ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഇതോടൊപ്പം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."