കച്ചവടം വഴിമുട്ടി മിഠായിത്തെരുവ്; ആശങ്കയില്‍ ചെറുകിട വ്യാപാരികള്‍
കോഴിക്കോട്: അസൗകര്യങ്ങളില്‍ കച്ചവടം വഴിമുട്ടി മിഠായിത്തെരുവിലെ ചെറുകിട വ്യാപാരികള്‍. നവീകരണപ്രവൃത്തി ആരംഭിച്ചതു മുതലുള്ള ഉപഭോക്താക്കളുടെ കുറവ് വ്യാപാരികളെ ആശങ്കയിലാഴ്ത്തുകയാണ്.
മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി നടക്കുന്ന പ്രവൃത്തി കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മൊത്ത-ചില്ലറ കച്ചവടക്കാരെ ആശ്രയിച്ച് വ്യാപാര കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.
റോഡിന്റെ ഇരുഭാഗങ്ങളിലും കീറിയ കുഴികള്‍ കാരണം കടയിലേക്ക് പ്രവേശിക്കാന്‍ പലകകള്‍ സ്ഥാപിച്ചിരിക്കുകയാണ്. എന്നാല്‍ കാല്‍ ഒന്ന് തെറ്റിയാല്‍ ഓടയില്‍ വീണ് പരുക്കേല്‍ക്കാനും സാധ്യതയുണ്ട്. ഷോപ്പിങ്ങിന് എത്തുന്നവര്‍ക്ക് ഇറങ്ങിനടക്കാനുള്ള സൗകര്യം പോലുമില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ മിഠായിത്തെരുവിനെ താല്‍ക്കാലികമായി കൈവിടുകയാണ്.
തങ്ങള്‍ക്കു ലഭിച്ചിരുന്ന കച്ചവടം ഇപ്പോള്‍ വലിയ മാളുകളിലേക്കു പോകുന്നതിലും ആശങ്കയിലാണ് ചെറുകിട കച്ചവടക്കാര്‍. അതേസമയം നവീകരണ പ്രവൃത്തിയുടെ പ്രരംഭഘട്ടം പൂര്‍ത്തീകരിച്ചു വരികയാണ്. ഉടന്‍തന്നെ മറ്റുഭാഗങ്ങളും പൂര്‍ത്തീകരിക്കുമെന്നാണ് അറിയുന്നത്. ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്രവൃത്തി കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."