അച്ചുദേവിന്റെ വിയോഗം; പിറന്നാളിനു പിന്നാലെ
കോഴിക്കോട്: അസമില്‍ വ്യോമസേനയുടെ സുഖോയ് 30 വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച എസ്. അച്ചുദേവും മാതാപിതാക്കളുമെല്ലാം അപൂര്‍വമായേ പന്തീരാങ്കാവിലെ പന്നിയൂര്‍ക്കുളത്തെ തറവാട്ടിലേക്ക് വരാറുള്ളൂ. പിതാവും ഐ.എസ്.ആര്‍.ഒയില്‍ ശാസ്ത്രജ്ഞനുമായ സഹദേവനും ഉദ്യോഗസ്ഥയായ അമ്മ ജയശ്രീയും തിരുവനന്തപുരത്താണ് താമസം. സഹോദരി അനുശ്രീയും ഭര്‍ത്താവ് നിര്‍മലും ബംഗളൂരുവിലാണ്. നാട്ടില്‍ ബന്ധുക്കളുടെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിലാണ് അച്ഛനും മക്കളുമെല്ലാം എത്തിയിരുന്നത്.
പന്നിയൂര്‍ക്കുളത്തെ താന്നിക്കാട്ട് തറവാട്ട് വീടിനടുത്ത് കഴിഞ്ഞ വര്‍ഷം ഇവര്‍ പുതിയ വീടെടുത്തിരുന്നു. ഇതിന്റെ ഗൃഹപ്രവേശനം നടന്നപ്പോള്‍ എല്ലാവരും എത്തിയിരുന്നു. സൈനിക സ്‌കൂളിലെ പഠനവും തുടര്‍ന്നങ്ങോട്ട് വ്യോമസേനയില്‍ ജോലിയുമായി മുന്നോട്ടുപോയ അച്ചുദേവിന് നാട്ടില്‍ ബന്ധങ്ങള്‍ കൂടുതലില്ലെങ്കിലും ബന്ധുക്കളെയെല്ലാം ഇടക്കു വിളിക്കുമായിരുന്നു. അപകടത്തില്‍പ്പെട്ടതിന് രണ്ടുദിവസം മുന്‍പായിരുന്നു അച്ചുദേവിന്റെ ഇരുപത്തഞ്ചാം പിറന്നാള്‍. പിതൃസഹോദരി പുത്രന്റെ ഇന്നു നടക്കാനിരുന്ന കല്യാണത്തിന് വരാമെന്ന് അച്ചു പറഞ്ഞിരുന്നതായി ഇളയച്ചന്‍ സോമന്‍ പറഞ്ഞു.
കുടുംബത്തില്‍ സൈനിക സേവനത്തിലുള്ള മറ്റാരുമില്ല. പഠിക്കുന്ന കാലത്തു തന്നെ സൈനിക സേവനവും വിമാനം പറത്തലുമെല്ലാം സ്വപ്നമായി അച്ചു കൊണ്ടു നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാലു മാസം മുന്‍പാണ് തറവാട്ടിലേക്ക് വന്നു പോയത്. അച്ചുദേവിനൊപ്പം പഠിക്കുകയും സൈനിക സേവനം നടത്തുകയും ചെയ്യുന്ന സുഹൃത്തുക്കളും ഇന്നലെ സംസ്‌കാര ചടങ്ങിനെത്തിയിരുന്നു. പഠന കാലത്തും ജോലിയിലും എന്നും മുന്നിലായിരുന്നു സുഹൃത്തെന്ന് അവര്‍ അനുസ്മരിച്ചു. കോയമ്പത്തൂര്‍ സുലൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും മറ്റു വിവിധ സ്റ്റേഷനുകളില്‍ നിന്നുമുള്ള സൈനികരാണ് സംസ്‌കാരത്തിനായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."