ക്യാംപിലെ ഭക്ഷ്യധാന്യങ്ങള്‍ ഐ.ടി.ഡി.പിക്ക് കൈമാറുന്നതിനെതിരേ പ്രതിഷേധം
നിലമ്പൂര്‍: എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക്യാംപില്‍ കെട്ടികിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഐ.റ്റി.ഡി.പി.ക്ക് കൈമാറാന്‍ എത്തിയ ഉദ്യോഗസ്ഥരെ മതില്‍ മൂല കോളനിയിലെ കുടുംബങ്ങള്‍ തടഞ്ഞു.
കലക്ടറുടെ ഉത്തരവ് പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ കൈമാറാനെത്തിയ നിലമ്പൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ അഷറഫ് മൈലാടിയേയും, ഐ.ടി.ഡി.പി ഉദ്യോഗസ്ഥരേയുമാണ് തടഞ്ഞത്. സാധനങ്ങള്‍ കയറ്റി കൊണ്ടുപോകാന്‍ എത്തിയ വാഹനവും പ്രതിഷേധത്തെ തുടര്‍ന്ന് മടക്കി അയച്ചു. ഇന്നലെ രാവിലെ യോടെയാണ് സംഭവം. എസ്.സി., ജനറല്‍ വിഭാഗങ്ങളില്‍പ്പെട്ട 35 കുടുംബങ്ങളാണ് പ്രതിഷേധവുമായി എത്തിയത്.
ക്യാംപിലുണ്ടായിരുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് തടഞ്ഞത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാന്റെ നേത്യത്വത്തില്‍ നടന്ന റവന്യൂ-ഐ.ടി.ഡി.പി അധികൃതരുമായി ചര്‍ച്ച നടത്തി.
പ്രളയത്തെ തുടര്‍ന്ന് ക്യാംപില്‍ കഴിഞ്ഞിരുന്ന 86 കുടുംബങ്ങള്‍ക്കും ഞായറാഴ്ച്ച രാവിലെ 9 ന് ക്യാംപില്‍ തയാറാക്കി വച്ചിരിക്കുന്ന കിറ്റുകള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധകാര്‍ പിരിഞ്ഞു പോയത്. 50 കിലോ അരി, 20 കിലോ പഞ്ചസാര ഉള്‍പ്പെടെ 34 വിഭവങ്ങള്‍ ഓരോ കുടുംബത്തിനും ലഭിക്കും. ഇതുപ്രകാരം 51 എസ്.ടി. കുടുംബങ്ങള്‍ക്കും 23 എസ്.സി കുടുംബങ്ങള്‍ക്കും 12 ജനറല്‍ കുടുംബങ്ങള്‍ക്കും കിറ്റുകള്‍ ലഭിക്കും.
പാക്ക് ചെയ്യാതെ ക്യാംപില്‍ അവശേഷിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ എസ്. ടി. കോളനികളിലും വിതരണം ചെയ്യും. വസ്ത്രങ്ങള്‍ കലക്ടറേറ്റിലേക്ക് മാറ്റി. പ്രതിഷേധ സമരത്തിന് മഞ്ജുഷ, കാര്‍ത്തിക്, അബൂബക്കര്‍ തോട്ടത്തില്‍, കാര്‍ത്തിക്, രതീഷ് മീമ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."