എം. ജെ അക്ബര്‍ രാജി വച്ചു?; ഇ മെയില്‍ വഴി രാജി സമര്‍പ്പിച്ചെന്ന് സൂചന
ന്യൂഡല്‍ഹി: ലൈംഗിക പീഡന ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബര്‍ രാജി വച്ചെന്ന് റിപ്പോര്‍ട്ട്. ഇ മെയില്‍ വഴി രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ രാജിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി അദ്ദേഹം അല്‍പ സമയത്തിനകം കൂടിക്കാഴ്ച നടത്തും.
വിദേശയാത്ര വെട്ടിച്ചുരുക്കി ഞായറാഴ്ച രാവിലെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ നീണ്ട നിര തന്നെ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എന്നാല്‍ വിവാദത്തെ കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. അതേസമയം, നേതൃത്വത്തെ കണ്ട ശേഷം പ്രതികരിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു. ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ, പര്യടനം വെട്ടിക്കുറച്ച് തിരികെയെത്താന്‍ അക്ബറിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന മീ ടൂ ക്യാമ്പയിനിലൂടെയാണ് മുന്‍മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ ആരോപണങ്ങള്‍ പുറത്തെത്തിയത്. ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ അധികവും മാധ്യമരംഗത്തുനിന്നുള്ള സ്ത്രീകളാണ്. എട്ടോളം മാധ്യപ്രവര്‍ത്തര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയുടെ ട്വീറ്റിലൂടെയാണ് അക്ബറിനെതിരായ വെളിപ്പെടുത്തലുകള്‍ ആരംഭിച്ചത്.
അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി പി എമ്മും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി സഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."