സ്മാര്‍ട്ടാകാന്‍ മട്ടന്നൂര്‍
മട്ടന്നൂര്‍: മട്ടന്നൂരില്‍ ഭൂരിഭാഗം സര്‍ക്കാര്‍ ഓഫിസുകളും ഇനി ഒരു കുടക്കീഴിലേക്ക്. വിമാനത്താവളം വരുന്നതോടെ മട്ടന്നൂര്‍ സ്മാര്‍ട്ടാകുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഓഫിസുകളെല്ലാം റവന്യു ടവര്‍ എന്ന അത്യാധുനിക കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുന്നത്.
കെട്ടിട നിര്‍മാണത്തിന്റെ മുന്നോടിയായി മണ്ണ് പരിശോധന തുടങ്ങി. മട്ടന്നൂര്‍ കോടതിക്ക് സമീപം പഴശ്ശി ജലസേചന പദ്ധതിയില്‍നിന്ന് വിട്ടുകിട്ടിയ മൂന്നര ഏക്കര്‍ സ്ഥലത്താണ് റവന്യു ടവര്‍ നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മട്ടന്നൂരിലും പരിസരങ്ങളിലുമുള്ള പ്രധാന സര്‍ക്കാര്‍ ഓഫിസുകളെല്ലാം ഇവിടേക്ക് മാറും. പാര്‍ക്കിങ് ഏരിയയും കോണ്‍ഫറന്‍സ് ഹാളും അതിഥി മന്ദിരവും ഉള്‍പ്പെടെയുള്ള ബഹുനില റവന്യു ടവര്‍ സമുച്ചയമാണ് നിര്‍മിക്കുന്നത്. ഇ.പി ജയരാജന്‍ എം.എല്‍.എ സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചാണ് സ്ഥലം അനുവദിച്ചതും റവന്യു ടവര്‍ നിര്‍മാണത്തിന് അംഗീകാരം ലഭിച്ചതും. റവന്യു ടവറില്‍ ഓഫിസ് സൗകര്യം ആവശ്യമുള്ള മുഴുവന്‍ സ്ഥാപന മേധാവികളുടെയും യോഗം ഇ.പി ജയരാജന്റെയും കലക്ടറുടെയും സാന്നിധ്യത്തില്‍ ചേര്‍ന്നിരുന്നു.
ഓഫിസിന് ആവശ്യമായ സ്ഥലസൗകര്യം സംബന്ധിച്ച് സ്ഥാപന മേധാവികളില്‍നിന്ന് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ട് ക്രോഡീകരിച്ചാണ് കെട്ടിടസമുച്ചയത്തിന്റെ ഡിസൈന്‍ തയാറാക്കിയത്. ഹൗസിങ് ബോര്‍ഡിനാണ് നിര്‍മാണ ചുമതല. ആദ്യഘട്ടത്തില്‍ 15 കോടിയിലധികം രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. മണ്ണ് പരിശോധന പൂര്‍ത്തിയായി ഭരണാനുമതി ലഭിക്കുന്നതോടെ തറക്കല്ലിട്ട് നിര്‍മാണം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."