പ്രകൃതിയെ സ്‌നേഹിച്ചും പരിപാലിച്ചും റാഫി രാമനാഥ് ശ്രദ്ധേയനാകുന്നു
കായംകുളം : പ്രകൃതിയെ അറിഞ്ഞും സ്‌നേഹിച്ചും, ആശ്വസിപ്പിച്ചും മാതൃകയാകുകയാണ് താമരക്കുളം വി വി എച്ച് എസ് ലെ ജന്തുശാസ്ത്ര വിഭാഗം അദ്ധ്യാപകന്‍ റാഫി രാമനാഥ്.
മരം ഒരു വരം എന്ന തത്വം മനസിലാക്കി ജില്ലയിലെ സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലും ഔഷധ സസ്യങ്ങള്‍ നട്ടും റോഡരുകില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചും പുറംപോക്കുഭൂമി കണ്ടത്തി അവിടെ വനവല്‍ക്കരണം നടത്തിയും തീരപ്രദേശങ്ങളില്‍ കണ്ടല്‍കാടുകള്‍ നട്ടുപിടിപ്പിച്ചും പ്രകൃതിയെ പരിപാലിച്ചും അതിലെ വിഭവങ്ങളെ സ്‌നേഹിച്ചും പ്രകൃതിസംരക്ഷണം നടത്തുകയാണ് ഈ അദ്ധ്യാപകന്‍. കേരളത്തില്‍ ഒരു കോടിയും ഭാരതമാകെ നൂറുകോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംവിധാനത്തിന് നേതൃത്വം നല്‍കുന്ന ഗ്രീന്‍വെയിന്‍ എന്ന പരിസ്ഥിതി സംഘടനയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയാണ് റാഫി.
ഇതിനോടകം 75,000 വൃക്ഷത്തൈകള്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നട്ട് സംരക്ഷിച്ചുവരുന്നു. 2009 ല്‍ താമരക്കുളം വി വി എച്ച് എസ് ലെ പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല ഏറ്റെടുത്തു.വഴിയോരത്തെ തണല്‍ മരങ്ങളില്‍ ആണിയടിക്കുന്നതിനെതിരേയും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരേയും സര്‍ക്കാര്‍ ഉത്തരവ് സമ്പാദിച്ച് നീക്കം ചെയ്തു. 2009 മുതല്‍ 2013 വരെ പരിസ്ഥി ക്ലബ്ബിന്റെ നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. ഈ കാലയളവില്‍ സ്‌കൂളിന് നിരവധി പ്രകൃതി സംരക്ഷണ പുരസ്‌കാരങ്ങള്‍ നേടിയെടുക്കുവാന്‍ സാധിച്ചു.
2012 ല്‍ ഐവാല വൃക്ഷമിത്ര അവാര്‍ഡ്, ജില്ല ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അവാര്‍ഡ്, 2013 ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വൃക്ഷമിത്ര അവാര്‍ഡ് 2015 ല്‍ പര്യാവരന്‍ മിത്ര അവാര്‍ഡ്, അഗ്രി ഹോര്‍ട്ടി അവാര്‍ഡ്, വനംവകുപ്പിന്റെ പ്രകൃതി മിത്ര അവാര്‍ഡ്, തുടങ്ങി നിരവധി സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ അദ്ധ്യാപകനെ തേടിയെത്തി. ഇത് കൂടാതെ ഗ്രീന്‍ വെയിന്‍ മികച്ച പ്രവര്‍ത്തനത്തിന് ദയാബായും അംഗികാരം നല്‍കിയിയിരുന്നു. മരങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് നന്മ മരം എന്ന ഡോക്യുമെന്ററിയുടെ നിര്‍മാണം കഴിഞ്ഞു ഈ മാസം തന്നെ അതിന്റെ പ്രകാശന കര്‍മ്മം നടക്കും.
ചുനക്കര പള്ളിയാര്‍വട്ടം സന്തോഷ് ഭവനത്തില്‍ താമസിക്കുന്ന റാഫിയുടെ മാതാപിതാക്കളായ രാമദേവന്‍പിള്ളയും സുഭദ്രാമ്മയും ഭാര്യ ശ്രീലക്ഷ്മിയും മക്കളായ അദ്വൈത്, പാര്‍ത്ഥിപ് എന്നിവരും പ്രകൃതി സംരക്ഷണത്തിനു പ്രോത്സാഹനവും പ്രചോദനവും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."