പ്രകാശനും കുടുംബവും തിരിച്ചുവന്നു; മരിച്ചുപോയവരുടെ പട്ടികയില്‍നിന്ന്
മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടവരുടെ പട്ടികയിലായിരുന്നു കഴിഞ്ഞദിവസം വരെ പ്രകാശനും കുടുംബവും. ഉരുള്‍പൊട്ടലിനുശേഷം പ്രകാശനും ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബം വഴിക്കടവിലുള്ള കുടുംബവീട്ടില്‍ അഭയം തേടിയിരുന്നെങ്കിലും ആരും അറിഞ്ഞിരുന്നില്ല.
ഞായറാഴ്ച വൈകിട്ട് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇവര്‍ സുരക്ഷിതരാണെന്ന് നാട്ടുകാര്‍ അറിഞ്ഞത്. ഉരുള്‍പൊട്ടലുണ്ടായ വ്യാഴാഴ്ച രാത്രി കുന്നിന്‍മുകളില്‍നിന്ന് വലിയ ശബ്ദം കേട്ടതോടെ ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് പ്രകാശന്‍ ഉറക്കത്തിലായിരുന്നു.
കുട്ടികള്‍ കരയുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോള്‍ അയല്‍വാസികള്‍ ഓടിക്കോയെന്ന് പറയുന്നതുകേട്ടാണ് ഇറങ്ങിയോടിയതെന്ന് പ്രകാശന്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒരു സുഹൃത്തിന്റെ വീട്ടില്‍ കിടന്നു. പിറ്റേന്ന് രാവിലെ പൂളപ്പാടം ക്യാംപിലെത്തി. രക്ഷപ്പെട്ടെങ്കിലും ആ സന്തോഷമൊന്നും പ്രകാശനില്ല. ജ്യേഷ്ഠനെയും അനിയനെയും അനിയന്റെ ഭാര്യയെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വീടും മണ്ണ് മൂടിപ്പോയി. കോട്ടയത്ത് താമസിക്കുന്ന പ്രകാശനും കുടുംബവും ഒരു ദിവസത്തേക്ക് കവളപ്പാറയിലെത്തിയതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."