രണ്ടുകോടിയുടെ ആശുപത്രി ഉപകരണങ്ങള്‍ക്ക് പുനര്‍ജന്മമേകി നാഷണല്‍ സര്‍വീസ് സ്‌കീം
കോഴിക്കോട്: മെഡിക്കല്‍ കോളജ് കോമ്പൗണ്ടുനുള്ളില്‍ ഉപയോഗ ശൂന്യമായി കിടന്ന ഉപകരണങ്ങള്‍ക്ക് ജീവനേകി നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്.) ടെക്‌നിക്കല്‍ സെല്ലിന്റെ പുനര്‍ജനി ജില്ലാ ക്യാംപിലെ വളന്റിയര്‍മാര്‍. രണ്ടു കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങള്‍ക്കാണ് ഈ കൊച്ചു മിടുക്കര്‍ പുനര്‍ജനന്മമേകിയിരിക്കുന്നത്.
ഡെന്റല്‍ ആശുപത്രിയിലെ 25 ഡെന്റര്‍ കസേരകള്‍, രണ്ട് കംപ്രസ്സര്‍, രണ്ട് മൈക്രോമീറ്റര്‍, നാല് ഓട്ടോ ക്ലന്‍സര്‍, 36 അലമാറ, 24 മേശ തുടങ്ങിയവയും ചെസ്റ്റ് ആശുപത്രിയില്‍ 60 കോട്ട്, 15 ഐ.വി. സ്റ്റാന്‍ഡ്, 16 ട്രോളി, മൂന്ന് ഫുഡ് ട്രോളി തുടങ്ങിയവയും വിദ്യാര്‍ഥികള്‍ റിപ്പയര്‍ ചെയ്തു.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് ആതുരാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ സന്നദ്ധസേവനത്തിലൂടെ ഉപയോഗക്ഷമമാക്കുകയാണ് പുനര്‍ജനി പദ്ധതി. ഓരോ സ്ഥലത്തെയും ആവശ്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ജില്ലയിലെ എന്‍ജിനീയറിങ്, പോളിടെക്‌നിക് കോളേജുകളില്‍ നിന്നുമുള്ള 170 എന്‍.എസ്.എസ്. വളന്റിയര്‍മാരാണ് ക്യാംപിലുള്ളത്. വെള്ളിയാഴ്ച ആരംഭിച്ച ക്യാംപ് തിങ്കളാഴ്ച സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."