കോവളം മേഖല പനിക്കിടക്കയില്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ആക്ഷേപം
കോവളം: പനിക്കിടക്കയില്‍ വീണ കോവളം മേഖലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മതിയായ രീതിയില്‍ നടക്കുന്നില്ലെന്ന് ആക്ഷേപം. പ്രദേശത്ത് പനിയും പനി ബാധമൂലമുള്ള മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് നടത്തുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളല്ലാതെ പഞ്ചായത്തിന്റെയോ നഗരസഭയുടെ സോണല്‍ ഓഫിസുകളുടെയോ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളോ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
തിരുവല്ലം, വെങ്ങാനൂര്‍, വിഴിഞ്ഞം, മുക്കോല എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുളളില്‍ ഡെങ്കിപ്പനി ബാധിച്ച് ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറിലധികമാണ്. വിഴിഞ്ഞത്ത് 32 പേര്‍ക്കും വെങ്ങാനൂരില്‍ 16 പേര്‍ക്കും കോവളത്ത് 20 പേര്‍ക്കും തിരുവല്ലത്ത് 27 പേര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
രോഗം പിടിപെട്ടവരില്‍ ഭൂരിഭാഗവും നഗരസഭയുടെ വിഴിഞ്ഞം, തിരുവല്ലം സോണല്‍ ഓഫിസിന്റെ പരിധിയിലും വെങ്ങാനൂര്‍ പഞ്ചായത്ത് പ്രദേശത്തുമുള്ളവരാണ്. ഇതില്‍ വെങ്ങാനൂര്‍ പഞ്ചായത്ത് പ്രദേശത്തെ രണ്ട് പേര്‍ ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.
പനിബാധിച്ചെത്തുന്ന മുഴുവന്‍ പേര്‍ക്കും പ്രദേശത്തെ സി.എച്ച്.എസ്.ഇ , പി.എച്ച്.എസ്.ഇ സെന്ററുകളില്‍ ചികിത്സ നല്‍കാന്‍ കഴിയാത്തതിനാല്‍ ഇവിടങ്ങളില്‍ ചികില്‍സതേടിയവരില്‍ ഭൂരിഭാഗം പേരെയും ജനറല്‍ ആശുപത്രിയിലേക്കും മറ്റും അയക്കുകയാണ്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണക്കുറവും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമാണ് സി.എച്ച്.സി, പി.എച്ച്.സി സെന്ററുകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
വെങ്ങാനൂര്‍ പഞ്ചായത്തില്‍ എട്ടു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നാല് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അടക്കം 12 പേരാണ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
12000 ത്തോളം വീടുകളാണ് പഞ്ചായത്തിലുള്ളത്. വെറും പന്ത്രണ്ടു പേരടങ്ങുന്ന സംഘത്തിന് പഞ്ചായത്തിലെ ഒരു വീട്ടില്‍ മാസത്തില്‍ ഒരിക്കല്‍ പോലും സന്ദര്‍ശനം നടത്താന്‍ കഴിയാറില്ല.കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, ഗര്‍ഭിണികളുടെ പരിശോധന, ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മരുന്ന് വിതരണം തുടങ്ങി ആരോഗ്യവകുപ്പ് അടിക്കടി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചുമതലയും ഇക്കൂട്ടര്‍ക്കാണ്.
കുറേക്കൂടി കാര്യക്ഷമമായി ഇടപെടാന്‍ കഴിയുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. പക്ഷേ, അവര്‍ കുറ്റകരമായ അനാസ്ഥ കാണിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."