ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി റയല്‍ മാഡ്രിഡ്
കാര്‍ഡിഫ്: വലിയ മത്സരങ്ങളില്‍ വിജയിക്കാനുള്ള ഇച്ഛാശക്തി ഒരിക്കല്‍ കൂടി ലോകത്തിന് കാണിച്ചു കൊടുത്ത് യൂറോപ്പിലെ ചക്രവര്‍ത്തി പദവി നിലനിര്‍ത്തി റയല്‍ മാഡ്രിഡിന്റെ പടയോട്ടം. കിരീട മോഹിച്ച് അസാമാന്യ കുതിപ്പുമായെത്തിയ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനെ പിച്ചിചീന്തി ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ് യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം കൈവിടാതെ കാത്തു. മത്സരത്തിന്റെ ഫുള്‍ മാര്‍ക്കും റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന് നല്‍കാം. ഫൈനല്‍ വരെ പൊളിയാതെ നിന്ന യുവന്റസിന്റെ പ്രതിരോധക്കോട്ടയില്‍ വമ്പന്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ തന്ത്രമൊരുക്കി ടീമിനെ വിജയ സോപാനത്തിലേറ്റിയത് ഫ്രഞ്ച് ഇതിഹാസത്തിന്റെ കൂര്‍മ ബുദ്ധിയാണ്. ഫൈനല്‍ വരെ മൂന്ന് ഗോളുകള്‍ മാത്രം വീണ യുവന്റസ് വലയില്‍ കാലശപ്പോരില്‍ മാത്രം നാല് ഗോളുകളാണ് നിക്ഷേപിക്കപ്പെട്ടത്. ഇരട്ട ഗോളുകള്‍ നേടി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരുപിടി റെക്കോര്‍ഡ് നേട്ടങ്ങളും സ്വന്തമാക്കി വെട്ടിത്തിളങ്ങി. റയലിനായി ശേഷിച്ച ഗോളുകള്‍ കസെമിറോ, അസെന്‍സിയോ എന്നിവര്‍ നേടി. യുവന്റസിന്റെ ആശ്വാസ ഗോള്‍ മരിയോ മാന്‍ഡ്‌സുകിചിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
ലോകകപ്പ് നേട്ടത്തിലടക്കം പങ്കാളിയായ ഇതിഹാസ താരവും നായകനും ഗോള്‍ കീപ്പറുമായ യുവന്റസിന്റെ ജിയാന്‍ലൂജി ബുഫണിന്റെ ചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം ഒരിക്കല്‍ കൂടി വീണുടഞ്ഞു. കരിയറിന്റെ സായാഹ്നത്തില്‍ എത്തിനില്‍ക്കുന്ന ബുഫണിന് ഇനിയൊരു ചാംപ്യന്‍സ് ലീഗ് കിരീട നേട്ടം അപ്രാപ്യമാണ്.
ക്ലിനിക്കല്‍ റയല്‍
കളി തുടങ്ങി ആദ്യ 20 മിനുട്ട് യുവന്റസിന്റെ കൈയിലായിരുന്നു. മികച്ച മുന്നേറ്റങ്ങളും ആക്രമണങ്ങളുമായി തുടക്കത്തില്‍ തന്നെ അവര്‍ കളം നിറഞ്ഞു. ഹിഗ്വയ്‌ന്റെ ഹെഡ്ഡറിലൂടെയുള്ള ഗോള്‍ ശ്രമവും ഈ അവസരത്തില്‍ കണ്ടു. എന്നാല്‍ 20ാം മിനുട്ടില്‍ റയല്‍ മാഡ്രിഡ് നടത്തിയ കൗണ്ടര്‍ അറ്റാക്ക് യുവന്റസിന് കിട്ടിയ ആദ്യ അടിയായിരുന്നു. ഡാനിയല്‍ കാര്‍വജല്‍ നീട്ടി നല്‍കിയ പാസില്‍ നിന്ന് ബോക്‌സിന് തൊട്ട് മുന്‍പില്‍ വച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നെടുനീളന്‍ ഷോട്ട് ഇറ്റാലിയന്‍ പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി നേരെ പോസ്റ്റിന്റെ ഇടത് മൂലയില്‍ കയറി. കാര്‍ഡിഫ് ദേശീയ സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ റയല്‍ ഫുട്‌ബോള്‍ പ്രേമികള്‍ പൊട്ടിത്തെറിച്ച നിമിഷം. എന്നാല്‍ മനഃസാന്നിധ്യം വിടാതെ യുവന്റസ് നിലനിന്നതോടെ മത്സരം ആവേശമായി. ഏഴ് മിനുട്ടിനുള്ളില്‍ യുവന്റസ് ഗോള്‍ മടക്കി.
യുവന്റസ് നിരയില്‍ അധ്വാനിച്ച് കളിച്ച സാന്‍ഡ്രോ ചിപ്പ് ചെയ്ത് നല്‍കിയ ക്രോസ് പിടിച്ചെടുത്ത ഹിഗ്വയ്ന്‍ ബോക്‌സില്‍ നിന്ന മരിയോ മാന്‍ഡ്‌സുകിചിന് മറിച്ചു നല്‍കി. ഹിഗ്വയ്‌ന്റെ പാസ് നെഞ്ച് കൊണ്ട് ഒതുക്കി ഉജ്ജ്വലമായൊരു സിസര്‍ കട്ടിലൂടെ ക്രൊയേഷ്യന്‍ താരം പന്ത് വലയിലാക്കിയപ്പോള്‍ റയല്‍ ഗോളി കെയ്‌ലര്‍ നവാസിന്റെ തടയാനുള്ള ശ്രമം ഫലം കണ്ടില്ല. ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ മനോഹരമായ ഒരു ഗോളെന്ന് മാന്‍ഡ്‌സുകിചിന്റെ ശ്രമത്തെ വിശേഷിപ്പിക്കാം. സമനില വന്നതോടെ യുവന്റസിന് ആത്മവിശ്വാസവുമായി. ഇരു പക്ഷവും ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ മുന്നേറിയെങ്കിലും ഒന്നാം പകുതിയില്‍ പിന്നീട് ഗോള്‍ പിറന്നില്ല.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ റയല്‍ കളിയുടെ ദിശ എന്തായിരിക്കുമെന്ന സൂചന നല്‍കി. തന്ത്രം മാറ്റി സിദാന്‍ നടത്തിയ നീക്കം കളിയില്‍ വന്‍ മാറ്റമാണ് വരുത്തിയത്. തുടക്കം മുതല്‍ കടുത്ത ആക്രമണമാണ് റയല്‍ നടത്തിയത്. പന്ത് റയല്‍ താരങ്ങളുടെ കാലില്‍ തന്നെ കുരുങ്ങി കിടന്നു. പന്ത് ലഭിച്ചപ്പോഴാകട്ടെ യുവന്റസിന് പാസിങിലെ കൃത്യതയില്ലായ്മ വിലങ്ങായി തീരുകയും ചെയ്തു. മെല്ലെ മെല്ലെ റയല്‍ സംപൂര്‍ണ ആധിപത്യം സ്വന്തമാക്കി. റയലിന്റെ കടന്നാക്രമണങ്ങളില്‍ യുവന്റസിന്റെ പ്രതിരോധം ആടിയുലഞ്ഞു. ഈ അവസരം മുതലെടുത്ത് 61ാം മിനുട്ടില്‍ കാസെമിറോ നേടിയ ഗോള്‍ യുവന്റസിന്റെ സകല പ്രതീക്ഷകള്‍ക്കും മേലെ വീണ അടിയായി മാറി. കാസെമിറോ നേടിയ ലോങ് ഷോട്ട് ഗോള്‍, ഗോള്‍ കീപ്പര്‍ ബുഫണിന് ഒരു പഴുതും അനുവദിക്കാതെ വലയിലായി.
രണ്ടാം ഗോള്‍ വഴങ്ങിയതോടെ യുവന്റസ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്തായ പ്രതീതിയായിരുന്നു പിന്നീട് മൈതാനത്ത്. തുടരന്‍ ആക്രമണങ്ങളുമായി അവരുടെ മനോനില തെറ്റിക്കാന്‍ റയലിന് സാധിച്ചു. മൂന്നാം ഗോളിന് അധികം കാക്കേണ്ടി വന്നില്ല റയലിന്. വലത് വിങില്‍ നിന്നുള്ള ലൂക്ക മോഡ്രിചിന്റെ മുന്നേറ്റം. ബോക്‌സിന്റെ മൂലയില്‍ നിന്ന് പന്ത് ഔട്ടിലേക്ക് പോകാതെ പോസ്റ്റിന് തൊട്ട് മുന്നില്‍ നിന്ന ക്രിസ്റ്റ്യാനോയുടെ കാലിന് പാകത്തില്‍ മോഡ്രിചിന്റെ പാസ്. ഒരു ക്ലോസ് റേഞ്ചിലൂടെ പന്ത് വലയിലാക്കി ക്രിസ്റ്റ്യാനോ മത്സരത്തിലെ തന്റെ രണ്ടാം ഗോളും റയലിന് മൂന്നാം ഗോളും സമ്മാനിച്ചു. പകരക്കാരനായി ഇറങ്ങിയ കൊളംബിയന്‍ താരം ക്വഡ്രാഡോ തുടരെ തുടരെ രണ്ട് മഞ്ഞ കാര്‍ഡുകള്‍ വാങ്ങി അതുവഴി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് യുവന്റസിന് ഇരട്ട പ്രഹരമായി. 83ാം മിനുട്ടില്‍ റാമോസിന്റെ മാന്യതയ്ക്ക് നിരക്കാത്ത നാടകീയത സൃഷ്ടിച്ച പ്രവൃത്തി ക്വഡ്രാഡോയ്ക്ക് ചുവപ്പ് കാര്‍ഡിന്റെ രൂപത്തില്‍ നിര്‍ഭാഗ്യമായി മാറുകയായിരുന്നു. പൊരുതാനുള്ള അവസാന ശ്രമവും യുവന്റസിന് ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഒരാളുടെ കുറവ് ടീമില്‍ സൃഷ്ടിച്ചത്. 90ാം മിനുട്ടില്‍ യുവന്റസിന്റെ നെഞ്ചില്‍ അവസാന അണിയും അടിച്ച് റയല്‍.
ഇസ്‌ക്കോയ്ക്ക് പകരം ഇറങ്ങിയ അസെന്‍സിയോയുടെ വകയായിരുന്നു ഗോള്‍. ഇടത് വിങില്‍ നിന്ന് മാഴ്‌സലോയുടെ മനോഹര മുന്നേറ്റം. കോര്‍ണറിന് സമീപം വച്ച് യുവന്റസ് പ്രതിരോധ താരത്തെ വെട്ടിച്ച് മാഴ്‌സലോ ബോക്‌സില്‍ നിന്ന അസെന്‍സിയോക്ക് പാകത്തില്‍ പന്ത് ചെരിച്ച് നല്‍കി. താരത്തിന്റെ ഷോട്ട് ബോക്‌സിന്റെ വലത് മൂലയിലേക്ക് പഴുതില്ലാതെ പ്രവേശിച്ചു. 4-1ന് റയല്‍ തങ്ങളുടെ അധീശത്വം ഉറപ്പാക്കി.
സിദാന്റെ അപാരത
താരമെന്ന നിലയില്‍ മൈതാനത്ത് പ്രകടിപ്പിച്ച അസാമാന്യ വൈഭവം സിനദിന്‍ സിദാനെന്ന ഫ്രഞ്ചുകാരന്‍ പരിശീലകനെന്ന നിലയില്‍ മറ്റൊരു തരത്തില്‍ മൈതാനത്ത് പുറത്തെടുത്തതാണ് കാര്‍ഡിഫ് ഫൈനലിന്റെ സവിശേഷത. തന്റെ ഉള്ളിലെ ഫുട്‌ബോള്‍ തന്ത്രജ്ഞന്റെ അപരാത സിദാന്‍ കാട്ടിത്തന്നു. അതുവരെ പഴുതില്ലാതെ മുന്നേറിയ യുവന്റസ് പ്രതിരോധം രണ്ടാം പകുതിയില്‍ തകര്‍ന്ന് വീണത് മത്സരത്തില്‍ നിര്‍ണായകമായി മാറി. ആദ്യ പകുതിയിലെ തന്ത്രവും സമീപനവും രണ്ടാം പകുതിയില്‍ മാറ്റിയാണ് സിദാന്‍ ടീമിനെ വിന്ന്യസിപ്പിച്ചത്.
4-4-2 എന്ന നിലയില്‍ ഡയമണ്ടാകൃതിയിലുള്ള മുന്നേറ്റം ലക്ഷ്യമിട്ടാണ് സിദാന്‍ ആദ്യ പകുതിയില്‍ ടീമിനെ ഇറക്കിയത്. മുന്നേറ്റത്തില്‍ ക്രിസ്റ്റ്യാനോയും ബെന്‍സമയും ഇരുവര്‍ക്കും മധ്യത്തില്‍ കുറച്ച് ഇറങ്ങി ഇസ്‌ക്കോയും നിലകൊണ്ടു. തൊട്ടുപിന്നില്‍ കസെമിറോയും മധ്യനിരയുടെ ഇടത് വലത് മൂലകളില്‍ മോഡ്രിച്ചും ക്രൂസും. ബയേണിനെതിരേയും അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേയും സിദാന്‍ ഈ രീതിയിലുള്ള ആക്രമണമാണ് ആവിഷ്‌കരിച്ചത്. പക്ഷേ ആദ്യ പകുതിയില്‍ ഈ രീതി യുവന്റസിന്റെ മുന്നില്‍ വിജയിച്ചില്ല. ടീമിന്റെ എന്‍ജിനുകളായ മോഡ്രിചിനും ക്രൂസിനും പന്ത് കൈമാറ്റത്തിന് പഴുത് ലഭിക്കാതെ പോയതോടെ റയലിന്റെ കളിയെ അത് ബാധിച്ചു. യുവന്റസിന്റെ മധ്യനിരയില്‍ അധ്വാനിച്ച് കളിക്കുന്ന സാന്‍ഡ്രോയുടേയും ഡാനി ആല്‍വെസിന്റെ സാന്നിധ്യവും റയലിന് തലവേദനയായി നിന്നു. യുവന്റസ് 4-2-3-1 എന്ന ശൈലിയാണ് പുറത്തെടുത്തത്. റയലിന്റെ പ്രതിരോധത്തിലെ വലത് ഭാഗത്തെ പോരായ്മ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് മാസിമിലിയാനോ അല്ലെഗ്രി ആദ്യ പകുതിയില്‍ ശ്രദ്ധിച്ചത്. ആല്‍വെസിനെ വിങിലൂടെ അക്രമിക്കാന്‍ വിട്ടുള്ള അല്ലെഗ്രിയുടെ തന്ത്രം അത്ര ഫലം കണ്ടില്ലെങ്കിലും സാന്‍ഡ്രോയുടെ നീക്കങ്ങള്‍ യുവന്റസ് ആക്രമണത്തില്‍ നിര്‍ണായകമായി. റയലിന്റെ ഡയമണ്ടാകൃതിയിലുള്ള മധ്യനിരയ്ക്കിടയിലൂടെ യുവന്റസ് ക്രോസ് ബോളുകള്‍ കളിച്ചാണ് മുന്നേറിയത്.
രണ്ടാം പകുതിയില്‍ റയലിന്റെ സമീപനം മാറി. മധ്യനിരയ്ക്ക് പ്രാധാന്യം നല്‍കി പാസിങ് ഗെയിം കളിച്ച് മുന്നേറിയ റയല്‍ വിങിലൂടെയുള്ള കടുത്ത ആക്രമണവും പുറത്തെടുത്തു. മോഡ്രിചും ക്രൂസും ഇസ്‌ക്കോയും കാര്‍വജലും കളിയുടെ കടിഞ്ഞാണേന്തിയതോടെ യുവന്റസ് താരങ്ങളുടെ കാലില്‍ പന്ത് വല്ലപ്പോഴും മാത്രം ലഭിക്കുന്ന അവസ്ഥ വന്നു. ഒരു യൂനിറ്റായുള്ള റയല്‍ താരങ്ങളുടെ മുന്നേറ്റം കളിയില്‍ അവര്‍ക്ക് സംപൂര്‍ണ ആധിപത്യം നല്‍കി. രണ്ടാം പകുതിയില്‍ റയലിന്റെ പൊസഷന്‍ 70 ശതമാനത്തിനും മുകളിലായിരുന്നു. ഇത്തരത്തിലുള്ള പ്രത്യാക്രമണങ്ങള്‍ തുടരെ തുടരെ യുവന്റസ് ബോക്‌സിലേക്ക് വന്നതോടെ അവരുടെ പ്രതിരോധം അമ്പെ പൊളിഞ്ഞു. പ്രതിരോധം കൂട്ടംതെറ്റിയതിന്റെ അങ്കലാപ്പിനിടയിലാണ് കാസെമിറോയുടെ അവസരം പാത്തുള്ള ഗോള്‍ പിറന്നതും കളിയുടെ ഗതി തന്നെ അപ്പാടെ മാറിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."