സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകള്‍ക്കു നേരെ പ്രിന്‍സിപ്പല്‍മാരുടെ അവഗണന
മലപ്പുറം: ഹയര്‍ സെക്കന്‍ഡറി സ്വാശ്രയ മേഖലയില്‍ സംസ്ഥാനത്തു പുതുതായി ആരംഭിച്ച എന്‍.എസ്.എസ് യൂനിറ്റുകളോട് പ്രിന്‍സിപ്പല്‍മാരുടെയും ബന്ധപ്പെട്ട പ്രോഗ്രാം ഓഫിസര്‍മാരുടെയും അവഗണന. 212 വിദ്യാലയങ്ങളിലാണ് സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകള്‍ ആരംഭിക്കാന്‍ പുതിയ അക്കാദമിക വര്‍ഷത്തില്‍ അംഗീകാരം ലഭിച്ചത്. ഇവര്‍ക്കായി സംസ്ഥാനതലത്തില്‍ ദ്വിദിന ശില്‍പശാല നടത്തിയിരുന്നു.
പുതുതായി അംഗീകാരം ലഭിച്ച സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റിലെ പ്രിന്‍സിപ്പല്‍മാരും പ്രോഗ്രാം ഓഫിസര്‍മാരുമാണ് ദ്വിദിന ശില്‍പശാലയില്‍ പങ്കെടുക്കേണ്ടത്. 12 സ്‌കൂളുകളില്‍ നിന്നാണ് ഒരാള്‍പോലും ശില്‍പശാലയില്‍ പങ്കെടുക്കാതിരുന്നത്. വിവിധ ജില്ലകളില്‍ നിന്നായി 52 പ്രിന്‍സിപ്പല്‍മാരാണ് ശില്‍പശാലയില്‍ പങ്കെടുക്കാതിരുന്നത്. ഇതുകൂടാതെ ആറു എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരും ശില്‍പശാലയില്‍ പങ്കെടുത്തില്ല.
ശില്‍പശാലയില്‍ പങ്കെടുക്കുന്നവര്‍ക്കു മാത്രമേ യൂനിറ്റുകളുടെ പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ഈ നിര്‍ദേശമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതും പുതിയ യൂനിറ്റ് തുടങ്ങാന്‍ അംഗീകാരം ലഭിച്ചതുമായ 70 സ്‌കൂളുകള്‍ അവഗണിച്ചത്.
നിര്‍ദേശം പാലിക്കാത്ത യൂനിറ്റുകളുടെ അംഗീകാരം റദ്ദാക്കാനുള്ള ശ്രമത്തിലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് സെല്‍. യൂനിറ്റ് അംഗീകാരം റദ്ദാക്കാതിരിക്കാന്‍ അഞ്ചിനകം വിശദീകരണം നല്‍കണമെന്നും ഇതിനു ശേഷമേ എന്‍.എസ്.എസ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങാവൂ എന്നും എന്‍.എസ്.എസ് സെല്‍ സംസ്ഥാന കോഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."