റാഫേല്‍ കരാര്‍ അംബാനിക്ക് തീറെഴുതി: കെ. സുധാകരന്‍
കണ്ണൂര്‍: റാഫേല്‍ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അംബാനിക്ക് തീറെഴുതിക്കൊടുത്തെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. റാഫേല്‍ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
526 കോടിയുടെ 126 റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് വാങ്ങാന്‍ കഴിഞ്ഞ സര്‍ക്കാരാണ് കരാറുണ്ടാക്കിയത്. 18 വിമാനം പൂര്‍ണമായി ഫ്രാന്‍സില്‍ നിര്‍മിച്ചുനല്‍കുമെന്നും ശേഷിക്കുന്നവ സാങ്കേതികവിദ്യാ കൈമാറ്റംവഴി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) നിര്‍മിക്കുമെന്നുമായിരുന്നു ധാരണ. എന്നാല്‍ കരാര്‍ മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. വിമാനവില മൂന്നിരട്ടിയാക്കിയ മോദി സര്‍ക്കാര്‍ എച്ച്.എ.എല്ലിനെ പൂര്‍ണമായും ഒഴിവാക്കി പ്രതിരോധ മേഖലയില്‍ യാതൊരു പരിചയവുമില്ലാത്ത അംബാനിക്ക് നിര്‍മാണവകാശം നല്‍കി. കരാറിന്റെ പൂര്‍ണരൂപം എവിടെയും ചര്‍ച്ച ചെയ്യാത്ത പ്രധാനമന്ത്രി വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരേയുള്ള ആരോപണങ്ങളോടു പ്രതികരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, സജീവ് ജോസഫ്, കെ. സുരേന്ദ്രന്‍, പ്രൊഫ. എ.ഡി മുസ്തഫ, എ.പി അബ്ദുല്ലക്കുട്ടി, കെ.ടി കുഞ്ഞഹമ്മദ്, സുമാ ബാലകൃഷ്ണന്‍, സി.വി സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."