പൊന്നാനിയില്‍ വീണ്ടും ജങ്കാര്‍ വരുന്നു; ചര്‍ച്ചകള്‍ പൂര്‍ത്തിയായി
പൊന്നാനി: രണ്ടുവര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പൊന്നാനി അഴിമുഖത്തെ ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ഇതിനായുള്ള ശ്രമങ്ങള്‍ പുതിയ ഭരണസമിതി അധികാരമേറ്റയുടനെ തുടങ്ങിയിരുന്നു. കൊച്ചിന്‍ സര്‍വീസുമായി നടത്തിയ ചര്‍ച്ചകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ജങ്കാര്‍ പുനരാരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും വ്യവസ്ഥയും കൊച്ചിന്‍ സര്‍വീസസ് പൊന്നാനി നഗരസഭക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. ഇക്കാര്യത്തിലിനി അന്തിമ തീരുമാനമെടുക്കേണ്ടത് നഗരസഭയാണ്. നിലവിലെ ജങ്കാര്‍ ജെട്ടി പുതിയ ഫിഷിംഗ് ഹാര്‍ബറിനോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കൊച്ചിന്‍ സര്‍വീസസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നഗരസഭ കൗണ്‍സിലില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമെ തീരുമാനമെടുക്കൂവെന്ന് നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി പറഞ്ഞു .
രണ്ടുവര്‍ഷം മുന്‍പ് യാത്രക്കാരുമായി പോവുകയായിരുന്ന ചങ്ങാടം നിയന്ത്രണം വിട്ട് കടലിലേക്ക് ഒലിച്ചുപോയതിനെ തുടര്‍ന്നാണ് പൊന്നാനി അഴിമുഖം പടിഞ്ഞാറേക്കര ജലഗതാഗതം അനിശ്ചിതത്വത്തിലായത്. അനുമതിയില്ലാതെ സര്‍വിസ് നടത്തിയ ചങ്ങാടം നിര്‍ത്തിയെങ്കിലും പകരം ജങ്കാര്‍ സര്‍വീസ് ആരംഭിക്കാന്‍ ഭരണ സമിതിക്ക് കഴിഞ്ഞിരുന്നില്ല. നേരത്തേ ഇന്‍ ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെയും കൊച്ചിന്‍ സര്‍വീസസിന്റെയും ജങ്കാര്‍ അഴിമുഖത്ത് സര്‍വീസ് നടത്തിയിരുന്നു.
ചമ്രവട്ടം പാലം വന്നതോടെ കരാര്‍ തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കപ്പെടാതെ വന്നതിനെ തുടര്‍ന്നാണ് ജങ്കാര്‍ നിലച്ചത്. നിലവില്‍ ഈ റൂട്ടില്‍ ഒരു ചങ്ങാടം സര്‍വീസ് നടത്തുന്നുണ്ടെങ്കിലും വലിയ വാഹനങ്ങള്‍ കൊണ്ട് പോകാന്‍ കഴിയില്ല. പൂര്‍ണമായും സുരക്ഷിതത്വമുള്ള ജങ്കാര്‍ സര്‍വീസ് അഴിമുഖത്ത് ആരംഭിക്കണമെന്ന നിരന്തര ആവശ്യം ഉയര്‍ന്നതോടെയാണ് പൊന്നാനി നഗരസഭാ അധികൃതര്‍ കൊച്ചിന്‍ സര്‍വീസുമായി ചര്‍ച്ചക്ക് തയ്യാറായത്. നഗരസഭക്ക് കാര്യമായ വരുമാനമില്ലെങ്കിലും നഷ്ടം സഹിക്കേണ്ടിവരാത്ത രീതിയില്‍ സര്‍വീസ് നടത്താന്‍ സന്നദ്ധതയുള്ള ജങ്കാര്‍ നടത്തിപ്പുകാരെയാണ് നഗരസഭ കാത്തിരിക്കുന്നത്.
പടിഞ്ഞാറേക്കര മേഖലയില്‍ നിന്ന് പൊന്നാനിയിലേക്കും പൊന്നാനിയില്‍ നിന്ന് തിരിച്ചും നിരവധി യാത്രക്കാരാണ് ജങ്കാറിനെ ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."