ധാരാളം മലയാളികള്‍ കേസുകളില്‍ പെടുമ്പോള്‍ ഇങ്ങനെ ഉണര്‍ന്നുപ്രവര്‍ത്തിക്കാറുണ്ടോ?- തുഷാര്‍ കേസില്‍ ഇടപെട്ട മുഖ്യമന്ത്രിക്കെതിരെ ശബരീനാഥന്‍ എം.എല്‍.എ
കോഴിക്കോട്: യു.എ.ഇയില്‍ കേസില്‍ കുടുങ്ങിയ എന്‍.ഡി.എ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ കെ.എസ് ശബരീനാഥന്‍.
കേരള മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തനിക്ക് ആശങ്കയുണ്ടെന്നും എല്ലാ നിയമപരിരക്ഷയും നല്‍കണമെന്നും അഭ്യര്‍ഥിച്ചു എഴുതിയ അടിയന്തര 'SOS' സന്ദേശം അംഗീകരിക്കുന്നില്ലെന്ന് ശബരീനാഥന്‍ പറഞ്ഞു.
ധാരാളം മലയാളികള്‍ ഇത്തരത്തിലുള്ള സാമ്പത്തികമായ കേസുകളില്‍ അറബ് രാജ്യങ്ങളില്‍ ജയിലിലാകുമ്പോള്‍ സര്‍ക്കാര്‍ ഇങ്ങനെ ഉണര്‍ന്നുപ്രവര്‍ത്തിക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അവരുടെ ആരോഗ്യസ്ഥിതിയില്‍ വിഷമിക്കാറുണ്ടോ? അവര്‍ക്ക് നിയമപരിരക്ഷ ഉടനടി നല്‍കാന്‍ എംബസിയില്‍ അപേക്ഷിക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി നല്‍കുന്ന പ്രത്യേക പരിഗണന കാണുമ്പോള്‍ വഴിയോരങ്ങളില്‍ ആശയപരമായി നേരിടുന്ന സഖാക്കള്‍ക്ക് നല്ല കുളിരായിരിക്കുമെന്നും ശബരീനാഥന്‍ പരിഹസിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ശബരീനാഥന്റെ പരിഹാസം.
എഫ്.ബി പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ കസ്റ്റഡിയിൽ എടുത്തതും ഇപ്പോൾ ജാമ്യം ലഭിച്ചതും ബിസിനസ് സംബന്ധമായ,നമ്മുടെ അറിവിനപ്പുറമുള്ള കാര്യങ്ങളായതിനാൽ തൽക്കാലം പരാമർശിക്കുന്നില്ല.
എന്നാൽ, കേരള മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് തുഷാർ വെള്ളാപ്പള്ളിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തനിക്ക് ആശങ്കയുണ്ടെന്നും എല്ലാ നിയമപരിരക്ഷയും നൽകണമെന്നും അഭ്യർത്ഥിച്ചു എഴുതിയ അടിയന്തര 'SOS' സന്ദേശം അംഗീകരിക്കുന്നില്ല. ധാരാളം മലയാളികൾ ഇത്തരത്തിലുള്ള സാമ്പത്തികമായ കേസുകളിൽ അറബ് രാജ്യങ്ങളിൽ ജയിലിലാകുമ്പോൾ സർക്കാർ ഇങ്ങനെ ഉണർന്നുപ്രവർത്തിക്കാറുണ്ടോ? അവരുടെ ആരോഗ്യസ്ഥിതിയിൽ വിഷമിക്കാറുണ്ടോ? അവർക്ക് നിയമപരിരക്ഷ ഉടനടി നൽകാൻ എംബസിയിൽ അപേക്ഷിക്കാറുണ്ടോ?
ബിജെപി നയിക്കുന്ന മുന്നണിയുടെ സംസ്‌ഥാന വൈസ് പ്രസിഡെന്റിന് ഒരു ഇടതുപക്ഷ മുഖ്യമന്ത്രി നൽകുന്ന ഈ പ്രത്യേക പരിഗണന കാണുമ്പോൾ NDA യെയും BJP യെയും വഴിയോരങ്ങളിൽ "ആശയപരമായി" നേരിടുന്ന പാവപെട്ട ലോക്കൽ സഖാക്കൾക്ക് നല്ല കുളിരായിരിക്കും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."