ജില്ലയില്‍ പനിക്ക് നേരിയ ആശ്വാസം
തിരുവനന്തപുരം : പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ടു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത പ്രതിമാസ അവലോകന യോഗത്തില്‍ നഗരസഭാ പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി ഗണ്യമായി കുറഞ്ഞതായി ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്നകുമാരി റിപ്പോര്‍ട്ട് ചെയ്തു.
മിഷന് അനന്തപുരിയുടെ ഭാഗമായി മെയ് 15ന് തുടക്കം കുറിച്ച പ്രത്യേക ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പനി ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പ് ആയിരത്തില്‍ ഒന്‍പത് പേര്‍ക്ക് പനി ബാധിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേര്‍ക്ക് എന്ന രീതിയില്‍ കുറഞ്ഞിട്ടുണ്ട്. 100 പനിബാധിതരില്‍ 8 പേര്‍ക്ക് മാത്രമേ കിടത്തി ചികിത്സ വേണ്ടി വരുന്നുള്ളൂ. അതുപോലെ 100 പനിബാധിതരില്‍ 8 ഡെങ്കിപ്പനി ബാധിതരേയുള്ളൂ. ബാക്കിയുള്ള സാധാരണ വൈറല്‍ പനികളാണ്. എന്നാല്‍ ആശുപത്രിയിലെത്തുന്ന 100 പേരില്‍ 19 പേരും ഇപ്പോഴും പനി ബാധിതരാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡെങ്കിപ്പനിയ്ക്ക് കാരണമായ കൊതുക് വെള്ളമുള്ള ഉറവിടങ്ങളിലാണ് സാധാരണ മുട്ടയിട്ടു പെരുകുന്നതെങ്കിലും നഗരത്തിലെ 100 കിണറുകള്‍ പരിശോധിച്ചാല്‍ കുറഞ്ഞത് ആറ് കിണറുകളിലെങ്കിലും ഈഡിഡ് കൊതുക് പെരുകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പൊതുവില്‍ പനിബാധിതരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും നഗരത്തിലെ ചില പ്രത്യേക വാര്‍ഡുകളില്‍ ഈഡിസ് കൊതുകു സാന്ദ്രതയും പനിയും ശമനമില്ലാതെ തുടരുന്നുണ്ട്. തിരുമല, തൃക്കണ്ണാപുരം, പിറ്റിപി നഗര്‍, കുര്യാത്തി, കാലടി, വട്ടിയൂര്‍ക്കാവ്, ബീമാപ്പള്ളി, വലിയതുറ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."