സ്റ്റുഡന്റ് പൊലിസ് കേഡറ്റ് യൂനിറ്റ് അനുവദിച്ചു
ചേലക്കര: നിയോജകമണ്ഡലത്തിലെ പഴയന്നൂര്‍, വരവൂര്‍, ദേശമംഗലം എന്നീ മൂന്നു ഹൈസ്കൂളുകളില്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് യൂനിറ്റ് അനുവദിച്ചതായി യു.ആര് പ്രദീപ് എം.എല്‍.എ അറിയിച്ചു.
ജില്ലയിലെ ആറ് സ്കൂളുകള്‍ അടക്കം സംസ്ഥാനത്ത് 28 സ്കൂളുകളിലാണ് എസ്.പി.സി യൂനിറ്റ് അനുവദിച്ച് കൊണ്ട് അഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉത്തരവിറക്കിയിട്ടുള്ളത്. നിലവില്‍ ചേലക്കര മണ്ഡലത്തില്‍ ചേലക്കര എസ്.എം.ടി ഹൈസ്കൂളിലും മായന്നൂര്‍ സെന്റ് തോമസ് സ്കൂളിലുമാണ് യൂനിറ്റ് ഉള്ളത്. ഇതടക്കം മണ്ഡലത്തിലെ അഞ്ചു ഹൈസ്കൂളുകളില്‍ യൂനിറ്റ് ആയി. ഓരോ സ്കൂളുകളിലും ആണ് പെണ് കുട്ടികള്‍ അടക്കം 44 കുട്ടികള്‍ക്ക് എസ്.പി.സി യൂനിറ്റില്‍ ചേരാന്‍ കഴിയും. യുണിഫോം, ഷൂ, ട്രൈയിനിങ്ങ് തുടങ്ങിയവ ആഭ്യന്തര വകുപ്പ് മുഖേനെ നല്‍കും. ഇതിനായി ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനുകളില്‍ നിന്നും ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായി രണ്ട് പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കും. സ്കൂള്‍ ടീച്ചര്‍മാരും രണ്ടു പേര് വീതം ഓരോ സ്കൂളിലും എസ്.പി.സിയുടെ ചുമതലക്കാരായി ഉണ്ടാകും. കുട്ടികളില്‍ പഠനത്തോടൊപ്പം അച്ചടക്കബോധവും സാമൂഹ്യപ്രതിബന്ധതയും, കായികശേഷിയും ഉണ്ടാക്കിയെടുക്കുക എന്നതാണ് എസ്.പി.സി വഴി സര്‍ക്കാര്‍ ലഷ്യമിടുന്നത്. മണ്ഡലത്തിലെ ദേശമംഗലം, വരവൂര്‍, പാഞ്ഞാള്‍, ചെറുതുരുത്തി, പഴയന്നൂര്‍, തിരുവില്വാമല എന്നീ ഹൈസ്കൂളുകളില്‍ സ്റ്റുഡന്റ് പൊലിസ് കാഡറ്റ് യൂനിറ്റ് അനുവദിക്കണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് എം.എല്‍.എ മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. അതുപ്രകാരമാണ് ഒന്നാം ഘട്ടത്തില്‍ ദേശമംഗലം, വരവൂര്‍, പഴയന്നൂര്‍ എന്നീ ഹൈസ്കൂളുകളില്‍ സ്റ്റുഡന്റ് പൊലിസ് കാഡറ്റ് യൂനിറ്റ് അനുവദിച്ചത്. പാഞ്ഞാള്‍, ചെറുതുരുത്തി, തിരുവില്വാമല എന്നീ സ്കൂളുകളില്‍ രണ്ടാം ഘട്ടത്തില്‍ എസ്.പി.സി യൂനിറ്റ് അനുവദിക്കുമ്പോള്‍ അതില്‍ പരിഗണിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."