ഭൂസമരകേന്ദ്രങ്ങളില്‍ ദുരിതം തിന്ന് ആദിവാസികള്‍
മേപ്പാടി: ഭൂസമര കേന്ദ്രങ്ങളില്‍ കുടില്‍കെട്ടി കഴിയുന്നവരുടെ ദുരിതം കണ്ടഭാവം നടക്കാതെ സമരത്തിന് നേതൃത്വം നല്‍കിയവരും അധികൃതരും.
മേപ്പാടി, മൂപ്പൈനാട് ഉള്‍പ്പെടുന്ന സമരകേന്ദ്രങ്ങളിലുള്ളവരാണ് കുടിവെള്ളം പോലുമില്ലാതെ കഷ്ടപ്പെടുന്നത്.
സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന മുക്ത ജില്ലയെന്ന പ്രഖ്യാപനം കഴിഞ്ഞിട്ട് വര്‍ഷം പിന്നിട്ടെങ്കിലും സമരകേന്ദ്രങ്ങളില്‍ ഇതുവരെ ഒരു കക്കൂസ് പോലും അധികൃതര്‍ നിര്‍മിച്ചിട്ടില്ല. കൂടാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സമരകേന്ദ്രങ്ങളില്‍ കഴിയുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്യമാണ്.
2013 ലാണ് നെടുംബാലയിലെ നിക്ഷിപ്ത വനഭൂമിയില്‍ എ.കെ.എസിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്.
ഭൂമിയും വീടും അനുവദിച്ചു കിട്ടും വരെ സമരം എന്നായിരുന്നു സമരരംഗത്തെത്തിയപ്പോഴുള്ള പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണി അധികാരത്തില്‍ എത്തിയിട്ടും സമരകേന്ദ്രങ്ങളിലെ ഇവരുടെ ജീവിതത്തിന് കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല.
പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും കൊണ്ട് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക കുടിലുകളിലാണ് മൂന്ന് സമര കേന്ദ്രങ്ങളിലെ നൂറോളം കുടുംബങ്ങള്‍ കഴിയുന്നത്.
കുടിവെള്ള ക്ഷാമമാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പ്ലാസ്റ്റിക്ക് വലിച്ചു കെട്ടി മഴവെള്ളം ശേഖരിച്ചാണ് ഇവര്‍ ഉപയോഗിക്കുന്നത്. മഴ ഇല്ലങ്കില്‍ ദൂരെ സ്ഥലങ്ങളില്‍ പോയി തല ചുമടായി വെള്ളം കൊണ്ട് വരേണ്ട സ്ഥിതിയാണെന്നും ആദിവാസികള്‍ പറയുന്നു.
അരക്കിലോമീറ്ററോളം നടന്ന് തലച്ചുമടായാണ് മൂപ്പനാട് ദേവാലയത്തിന് സമീപത്തെ സമരഭൂമിയിലുള്ളവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഇവര്‍ക്ക് വേണ്ടി കുടിവെള്ള പദ്ധതികള്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികൃതരും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. താല്‍കാലിമമായി കെട്ടിയുണ്ടാക്കിയ കക്കൂസാണ് സമരകേന്ദ്രങ്ങളിലുള്ളവര്‍ ആശ്രയിക്കുന്നത്.
സമരം തുടങ്ങി അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും 100 ഓളം സമരക്കാരില്‍ ഒരാള്‍ക്ക് പോലും ഇതുവരെ വീട് ലഭിച്ചിട്ടില്ല. പല കുടിലുകളും തകര്‍ച്ചയുടെ വക്കിലാണ് ഇത് കെട്ടി മേയാന്‍ പോലും നിര്‍വാഹമില്ലാത്ത സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഭൂരഹിതരാണ് ഭൂസമരത്തിന് എത്തിയത്. സമരം തുടങ്ങിയ ശേഷം ഒരു തവണ വനം വകുപ്പ് പൊലിസ് സഹായത്തോടെ സമരക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും ഭൂമിയില്‍ കുടില്‍ കെട്ടി താമസമാക്കുകയായിരുന്നു.
അതേസമയം ഇവര്‍ക്കൊപ്പം സമരം തുടങ്ങിയ മറ്റു കേന്ദ്രങ്ങളില്‍ അടച്ചുറപ്പുള്ള വീടുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ആയിട്ടും ആദിവാസികളുടെ ഭൂസമരത്തോട് മാത്രം അധികൃതര്‍ അവഗണന തുടരുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഇവരെ ഗൗനിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഇവര്‍ക്ക് നേരെ തുടരുന്ന അവഗണനക്കെതിരേ മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."