ഇനിയുമെഴുതണം, അതിനു വേണം രാഘവന്‍ അത്തോളിക്കൊരു വീട്
അത്തോളി: കവിതകളില്‍ വേദനയുടെ ശ്വാസനിശ്വാസങ്ങള്‍ നിറച്ചുവച്ചും തെരുവോരങ്ങളില്‍ ശില്‍പങ്ങള്‍ നിര്‍മിക്കുകയും ചെയ്ത കവിയാണു രാഘവന്‍ അത്തോളി. പക്ഷേ, അദ്ദേഹത്തിനു കയറിക്കിടക്കാനൊരു വീടില്ല. ആ പ്രതിഭക്ക് അക്ഷരസ്‌നേഹികളുടെ നേതൃത്വത്തില്‍ വീടൊരുങ്ങുകയാണിപ്പോള്‍. അത്തോളിക്കൊരു വീടിനായി ഇതര ജില്ലകളില്‍ നിന്നുള്ള സാംസ്‌കാരിക പ്രവര്‍ത്തകരാണു കൈകോര്‍ത്തിരിക്കുന്നത്. കവിയും പ്രസാധകനുമായ എന്‍.എന്‍ സുരേന്ദ്രന്‍ ചെയര്‍മാനും ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സ് ഉടമ മണിശങ്കര്‍ കണ്‍വീനറുമായ സമിതിയാണ് അഞ്ചേകാല്‍ ലക്ഷം രൂപ സമാഹരിച്ച് വീടൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
ആദ്യപടിയായി നിലമ്പൂരിലെ ബോധി ബുക്‌സ് രാഘവന്‍ അത്തോളിക്ക് സാഹിത്യരംഗത്തെ സംഭാവന പരിഗണിച്ച് പ്രഥമ അവാര്‍ഡ് നല്‍കി. നിലമ്പൂരില്‍ നടന്ന ചടങ്ങില്‍ 25,000 രൂപ കാശ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കിയാണ് ആദരിച്ചത്. അവാര്‍ഡ്തുക വീടുനിര്‍മാണ ഫണ്ടിലേക്കാണ് നീക്കിവയ്ക്കുന്നതെന്ന് ബോധി ബുക്‌സ് ഉടമ എന്‍.എന്‍ സുരേന്ദ്രന്‍ പറഞ്ഞു. സാമ്പത്തികസഹായം സംഭാവനയായി നല്‍കാന്‍ താലപര്യമുള്ളവര്‍ 8547841150 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അത്തോളി ഫെഡറല്‍ ബാങ്കില്‍ 17100100097483 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."