മദ്യശാലകള്‍ക്ക് അനുമതി: വിസമ്മതിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
തിരുവനന്തപുരം: ഹൈക്കോടതിയുടെ നിര്‍ദേശത്തിലെ അവ്യക്തത മൂലം ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ വിസമ്മതിച്ച എകസൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. 12 ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാരെയാണ് സ്ഥലം മാറ്റിയത്.
ഒരു വിഭാഗം മദ്യശാലകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്താമെന്ന് മെയ് 16ന് ഹൈക്കോടതി പറഞ്ഞിരുന്നു. ദേശീയപാത സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നതിനാലാണ് ലൈസന്‍സ് നിലനിര്‍ത്താന്‍ കോടതിയില്‍ നിന്ന് അനുമതി ലഭിച്ചത്.
തുടര്‍ന്ന് ദേശീയപാതാ പദവി പരിശോധിച്ച ശേഷം മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച നടപടിയെടുക്കാമെന്ന നിര്‍ദേശം മെയ് 19ന് ഹൈക്കോടതിയില്‍ നിന്നുണ്ടായി.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാരായിരുന്നു ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തിലെ അവ്യക്തത മൂലം ഉടന്‍ തീരുമാനമെടുക്കാതെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ അഡ്വക്കറ്റ് ജനറലിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അഭിപ്രായം തേടുകയായിരുന്നു.കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അന്തിമ നിലപാടറിയാതെ ഈ വിഷയത്തില്‍ ഒന്നും പറയാനാവില്ലെന്ന മറുപടിയാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ലഭിച്ചത്.
ഓരോ സ്ഥലത്തെയും സ്ഥിതി നോക്കി ഓരോ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കുക സാധ്യമല്ലെന്ന നിലപാടാണ് അഡ്വക്കറ്റ് ജനറല്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ പെട്ടെന്നൊരു തീരുമാനമെടുത്താലുള്ള ഭവിഷ്യത്ത് മുന്നില്‍ കണ്ട് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ ചില ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നു. ചില ജില്ലകളില്‍ ഇതുമൂലം മദ്യശാലകള്‍ തുറക്കാനാവാത്ത സാഹചര്യമുണ്ടായി. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലം മാറ്റമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."