പരിസ്ഥിതിലോല പ്രദേശമായ കനാല്‍ പുറമ്പോക്ക് ഭൂമി കൈയേറാന്‍ അധികൃതരുടെ ഒത്താശ
കെ.കെ ബാബു
പുനലൂര്‍: കല്ലട ഇറിഗേഷന്‍ പ്രോജക്ട് വലതുകര കനാലിന്റെ ചാലിയക്കര ഇടമണ്‍ റീച്ചിലെ പുറമ്പോക്കു ഭൂമി ഉറുകുന്നു സര്‍വിസ് സഹകരണ ബാങ്കിനും മറ്റു ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസിനുമായി പതിച്ചു നല്‍കാന്‍ നീക്കം.
ഇതു സംബന്ധിച്ച് തെന്മല ഡാം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി സര്‍വേ നടപടികള്‍ പൂര്‍ത്തിയായതായിട്ടാണ് സൂചന. സഹകരണ ബാങ്കിന് ചാലിയക്കരയില്‍ ശാഖാ മന്ദിരം പണിയുന്നതിന് പത്തു സെന്റ് കനാല്‍ വക പുറമ്പോക്കു ഭൂമി നല്‍കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കൈയടക്കാനാണ് പരിപാടി. ഇതിന്റെ മറവില്‍ പല രാഷ്ട്രീയ കക്ഷികളും തൊട്ടടുത്തുള്ള ചതുപ്പുനിലങ്ങള്‍ കൈയേറാനുള്ള ശ്രമത്തിലാണ്്. കല്ലട ഇറിഗേഷന്‍ പ്രൊജക്ട് വലതുകര കനാലിനു വേണ്ടി 1997 ല്‍ സര്‍ക്കാര്‍ പൊന്നുംവിലയ്‌ക്കെടുത്ത ഭൂമിയാണിത്. ചാലിയക്കര ദേവീക്ഷേത്രത്തിനും ഉപ്പുകുഴി വെയിറ്റിങ് ഷെഡിനുമിടയിലുള്ള പരിസ്ഥിതി ലോല പ്രദേശവുമാണ്. മുന്‍പു ദേവസ്വംവക ദേവീക്ഷേത്രത്തിനു വേണ്ടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഇക്കാരണത്താല്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. മാമ്പഴത്തറയിലേക്ക് ബസ് റൂട്ടുള്ള ഈ ഭാഗത്ത് റോഡിന് വീതിയില്ലാത്തതിനാല്‍ വശങ്ങള്‍ ഇടിഞ്ഞു കിടപ്പാണ്. കനാലിന്നു മുകളിലൂടെയുള്ള ഉപ്പുകുഴി-മാമ്പഴത്തറപ്പാലം കൈവരികള്‍ തകര്‍ന്നും സ്ലാബ് കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞു കിടന്നിട്ടും വര്‍ഷങ്ങളായി.
പുനലൂര്‍- മാമ്പഴത്തറ ബസ് കടന്നുപോകുന്നത് ഈ പാലത്തിലൂടെയാണ്. സ്ഥലം മറ്റു സ്വകാര്യ വ്യക്തികള്‍ക്കു വിട്ടു നല്‍കിയാല്‍ റോഡുവികസനവും താറുമാറാകും. തെന്മല ഡാമില്‍ നിന്ന് കനാല്‍ വഴി വെള്ളം തുറന്നു വിടുമ്പോള്‍ ജലനിരപ്പുയരുകയും കനാലിന്റെചോര്‍ച്ച നിയന്ത്രണാതീതവുമായി മാറും. ഈ പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടില്ലെന്ന് വിദഗ്ദ എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തി നേരത്തേ നിര്‍ദേശിച്ചിരുന്നു. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടന്നിട്ടുമില്ല. ഇവിടെ നിന്നും 300മീറ്റര്‍ കനാല്‍ കഴിഞ്ഞാണ് ചാലിയക്കര അക്വഡക്റ്റ് സ്ഥിതി ചെയ്യുന്നത്. തറ നിരപ്പില്‍ നിന്നും 150 മീറ്റര്‍ ഉയരത്തിലാണ് അക്വാഡക്ട് കടന്നു പോകുന്നത്. ഇത് പൊട്ടി ഒലിച്ച് അപകടാവസ്ഥയിലായിട്ടു വര്‍ഷങ്ങളായി.
തെന്മല ഡാമില്‍ നിന്നും ജലം കനാല്‍ വഴി ഒഴുക്കിവിടുമ്പോള്‍ അക്വാഡക്ടിന്റെ വിള്ളലിലൂടെ ജലം താഴെ ചാലിക്കരയാറില്‍ പതിക്കുകയും ചാലിയക്കരയാറിന്റെ കരയില്‍ തുടങ്ങി അഞ്ചു കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലാകുന്നതും നിത്യസംഭവമാണ്. അറ്റകുറ്റപ്പണിനടത്താതെയുള്ള ജല അതോറിറ്റിയുടെ അനാസ്ഥ തുടരുന്നത് വന്‍ അപകടം വരുത്തിവയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."