ട്രെയിന്‍ മാര്‍ഗം തുണി, ഇലക്‌ട്രോണിക് വസ്തുക്കള്‍ നികുതി വെട്ടിച്ചു കടത്തുന്നെന്ന് പരാതി
വാളയാര്‍: ഓണവിപണി ലക്ഷ്യമാക്കി തമിഴ്‌നാട്ടില്‍നിന്നും ട്രെയിന്‍മാര്‍ഗം വന്‍തോതില്‍ തുണിത്തരങ്ങളും ഇലക്ട്രോണിക് വസ്തുക്കളും നികുതിവെട്ടിച്ചു കടത്തുന്നു. ലക്ഷക്കണക്കിന് രൂപയുടെ നികുതിനഷ്ടമാണ് ഇതുമൂലം റെയില്‍വേയ്ക്ക് ഉണ്ടാകുന്നത്. അരി ഉള്‍പ്പെടെയുള്ള സാധനങ്ങളും വ്യാപകമായി ട്രെയിന്‍വഴി കടത്തുന്നുണ്ട്.
പാസഞ്ചര്‍ ട്രെയിനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിനു നേതൃത്വം നല്കുന്നത്. തീവണ്ടിയില്‍ ഏതെങ്കിലും ഭാഗത്ത് ഒതുക്കിവയ്ക്കുന്ന സാധനങ്ങള്‍ പരിശോധനയ്ക്കിടെ കണ്ടെത്തിയാലും അധികൃതര്‍ക്ക് ആരുടെ പേരിലും കേസെടുക്കാനാകില്ല. കടത്തുസാധനങ്ങളുടെ സമീപത്തുനിന്നും ഏറെ മാറിയായിരിക്കും ഉടമസ്ഥര്‍ നില്ക്കുന്നത്.
തമിഴ്‌നാട്ടില്‍നിന്ന് കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന തുണിത്തരങ്ങളും അരിയും ഇലക്‌ട്രോണിക്‌സ് സാധനങ്ങളും ഇവിടേക്ക് എത്തിച്ച് ഇരട്ടിയിലധികം വിലയ്ക്കാണ് വില്ക്കുന്നത്. അങ്ങനെ വരുമ്പോഴും വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാകും ഉപഭോക്താക്കള്‍ക്ക് ഇവ ലഭിക്കുക. ഫാന്‍, മിക്‌സി, ഗ്രൈന്‍ഡര്‍, ടിവി, സിഡി പ്ലെയറുകള്‍ തുടങ്ങി ഏതു വസ്തുക്കള്‍ വേണമെങ്കിലും ഇത്തരത്തില്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കും.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി മേഖലകളിലെല്ലാം വന്‍തോതില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ എത്തുന്നുണ്ട്. പാസഞ്ചര്‍ ട്രെയിനുകളുടെ ഏറ്റവും പിറകുഭാഗത്തുള്ള കംപാര്‍ട്ടുമെന്റുകളിലായാണ് പ്രധാനമായും സാധനങ്ങള്‍ കടത്തുന്നത്. ഇവ പാളം മുറിച്ചു കടത്തി വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് പതിവ്.
കാലങ്ങളായി ട്രെയിന്‍ മാര്‍ഗം തമിഴ്‌നാട്ടില്‍നിന്നും ഇത്തരത്തില്‍ സാധനങ്ങള്‍ കടത്തുന്നുണ്ട്. പരിശോധന കര്‍ക്കശമാക്കാത്തതാണ് ഇത്തരം അനധികൃത പ്രവൃത്തികള്‍ തുടരുന്നതിനു കാരണം. ഇപ്പോള്‍ സാധനങ്ങള്‍ സ്‌റ്റോക്കെത്തിച്ച് ഓണവിപണിക്ക് ഒരുക്കങ്ങള്‍ നടത്തുകയാണ് മിക്കവരും ചെയ്യുന്നത്.
കര്‍ക്കടകമാസം തമിഴ്‌നാട്ടില്‍ വിലക്കുറവുകളുടെ കാലമാണ്. ഇവിടെനിന്നും പഴക്കംവന്ന തുണിത്തരങ്ങളും സാധനസാമഗ്രികളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതിനാലാണ് ഈ സമയത്ത് ട്രെയിന്‍മാര്‍ഗം മേല്‍പറഞ്ഞവ കടത്തി ഇപ്പോള്‍ തന്നെ സമാഹരിക്കുന്നത്.
ഓണസമയത്ത് ഇവ വലിയ വിലയ്ക്ക് വില്പന നടത്തുവാനും കഴിയും. വിലപിടിപ്പുള്ള സാധനങ്ങളാണ് ഇത്തരത്തില്‍ കടത്തുന്നവയില്‍ അധികവും. ട്രെയിനുകളില്‍ മതിയായ പരിശോധനകള്‍ ഇല്ലാത്തതാണ് മുഖ്യപ്രശ്‌നം.
പാസഞ്ചര്‍ ട്രെയിനുകളില്‍ ടിക്കറ്റെടുത്തത് പരിശോധനയ്ക്കുപോലും ആരും കയറാത്ത സ്ഥിതിയാണ്. ഇതുകൊണ്ടുതന്നെ ഇത്തരം ട്രെയിനുകളില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണവും കുറവാണ്. പുകയില ഉത്പന്നങ്ങളും വന്‍തോതില്‍ തീവണ്ടിമാര്‍ഗം കടത്തുന്നുണ്ട്. അപൂര്‍വമായി മാത്രമേ ഇതെല്ലാം പിടിക്കപ്പെടുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."