മഴയിലെ കുഴിയെടുപ്പ് പി.ഡബ്ല്യു.ഡി അധികൃതര്‍ തടഞ്ഞു
കൂത്തുപറമ്പ്: മഴക്കാലത്ത് റോഡുകളുടെ വശങ്ങളില്‍ ടെലിഫോണ്‍ കേബിള്‍ സ്ഥാപിക്കാനും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടാനും കുഴിയെടുക്കാന്‍ പാടില്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് നടത്തിയ കുഴിയെടുക്കല്‍ പ്രവൃത്തി പി.ഡബ്ല്യൂ.ഡി അധികൃതര്‍ എത്തി നിര്‍ത്തിവെപ്പിച്ചു. കൊട്ടയോടി-ചെറുവാഞ്ചേരി റോഡിന്റെ ഒരു വശത്ത് ടെലിഫോണ്‍ കേബിളിടാനായി കുഴിയെടുക്കുന്നതാണ് ഇന്നലെ രാവിലെ പി.ഡബ്ല്യൂ.ഡി പാനൂര്‍ സെക്ഷന്‍ അസി. എന്‍ജിനിയര്‍ നിബില്‍ ലക്ഷ്മണന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥര്‍ നിര്‍ത്തിവെപ്പിച്ചത്. കാലവര്‍ഷം തുടങ്ങിയ സമയത്ത് റോഡിനു സമീപം കുഴിയെടുക്കുന്നത് കാരണം റോഡ് ചെളിക്കുളമായി മാറുന്നതും വാഹനങ്ങളും യാത്രക്കാരും അപകടത്തില്‍പ്പെടുന്നതും പതിവ് സംഭവങ്ങളാണ്. കാലവര്‍ഷത്തില്‍ ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന ദുരിതം പരിഗണിച്ച് ഇക്കഴിഞ്ഞ മെയ് 15 മുതല്‍ ജൂലൈ 31 വരെ റോഡിന്റെ വശങ്ങളില്‍ കുഴിയെടുക്കല്‍ പ്രവൃത്തി നടത്തരുതെന്നാണ് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം.
കുഴിയെടുക്കാന്‍ നേരത്തെ അനുമതി നേടിയവരോട് ഈ കാലയളവില്‍ പ്രവൃത്തി നടത്തുന്നത് നിര്‍ത്തിവെക്കാനും പൊതുമരാമത്ത് വകുപ്പധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവുകളൊക്കെ ലംഘിച്ചുകൊണ്ടായിരുന്നു കനത്ത മഴയില്‍ പോലും പലയിടത്തും കുഴിയെടുക്കല്‍ പ്രവൃത്തി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."