നാടുകടത്തരുതെന്ന് റോഹിംഗ്യകള്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ തങ്ങളെ ഇനിയും മ്യാന്‍മറിലേക്കു തന്നെ നാടുകടത്തരുതെന്നും അതിനെക്കാള്‍ നല്ലത് കൂട്ടത്തോടെ കൊലപ്പെടുത്തുകയാണെന്നും റോഹിംഗ്യ വംശജര്‍. റോഹിംഗ്യകളെ നാടുകടത്തുന്ന നടപടി ഇതിനകം കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിരിക്കെ ഇന്ത്യയിലെ പതിനഞ്ചോളം അഭയാര്‍ഥി ക്യാംപിലുള്ളവര്‍ കടുത്ത ഭീതിയിലാണ്. നാടുകടത്തലിന്റെ മുന്നോടിയായി മ്യാന്‍മര്‍ എംബസിയുടെ സഹായത്തോടെ നാല് അഭയാര്‍ഥി ക്യാംപുകളില്‍ ആറ് പേജ് വരുന്ന പ്രത്യേക ഫോമുകള്‍ വിതരണംചെയ്തിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കി തിരിച്ചുനല്‍കണമെന്ന അറിയിപ്പോടെയാണ് ഫോം വിതരണംചെയ്തത്. ഡല്‍ഹിയിലെ ശ്രംവിഹാര്‍, മദന്‍പൂര്‍ ഖാദര്‍, വികാസ്പുരി, ഖജൂരിഖാസ് എന്നീ ക്യംപുകളിലാണ് ഇതിനകം ഫോമുകള്‍ വിതരണം ചെയ്തത്. ഇവരെ നാടുകടത്തുന്നതിനു മുന്‍പായി പൗരത്വം, വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ വിശദീകരിക്കാനാണ് ഫോം.
ക്യാംപിലുള്ള മുഴുവന്‍ ആളുകളുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പ്രവൃത്തിയിലാണ് പൊലിസ്. ഈ മാസം ആദ്യം ഏഴ് റോഹിംഗ്യന്‍ വംശജരെ മ്യാന്‍മറിലേക്കു തന്നെ തിരിച്ചയച്ചിരുന്നു. ഇവരെ അസം പൊലിസ് മണിപ്പൂരിലെ അതിര്‍ത്തിയില്‍ വച്ച് മ്യാന്‍മര്‍ സൈന്യത്തിനു കൈമാറി. ഇവര്‍ ഏഴുപേരും നാലുദിവസത്തിനു ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വദേശത്ത് തിരിച്ചെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."