ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍മപദ്ധതി
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടുന്നതിന് കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് (കര്‍സാപ്) രൂപം നല്‍കി.
ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും സജ്ജമാക്കിയുള്ള പദ്ധതി ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ആദ്യത്തേതാണെന്ന് മന്ത്രി കെ.കെ ശൈലജ വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു. ഡബ്ല്യു.എച്ച്.ഒയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള കര്‍മ പദ്ധതി നാളെ രാവിലെ 11ന് മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.
ആന്റി ബയോട്ടിക്കുകള്‍ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ (ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് - എ.എം.ആര്‍ ) മാനവരാശി നേരിടുന്ന ഏറ്റവും വലിയ വിപത്തായിട്ടാണ് ലോകാരോഗ്യസംഘടന വിലയിരുത്തിയിട്ടുള്ളത്. ആന്റി ബയോട്ടിക്കുകള്‍ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ 2050 ഓടെ ഓരോവര്‍ഷവും ഒരു കോടി ആള്‍ക്കാര്‍ എ.എം.ആര്‍ കാരണം ലോകത്ത് മരണമടയുമെന്നാണ് സൂചന.
ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും മറ്റാരോഗ്യ പ്രവര്‍ത്തകരും മരുന്നു വില്‍പന ശാലകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. ഡോക്ടറുടെ പരിശോധനയില്ലാതെ മുന്‍പ് കഴിച്ച ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്ന പ്രവണതയ്‌ക്കെതിരേ പ്രചാരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."