എസ്.കെ.എസ്.എസ്.എഫ് ദേശീയ സമ്മേളനത്തിന് പ്രൗഢതുടക്കം
ന്യൂഡല്‍ഹി: എസ്.കെ.എസ്.എസ്.എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ പ്രതിനിധി സംഗമത്തിനു പ്രൗഢമായ തുടക്കം. ഇന്‍ക്ലൂസീവ് ഇന്ത്യ എന്ന പ്രമേയത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗമം ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ ഉദ്ഘാടനം ചെയ്തു. വൈവിധ്യപൂര്‍ണമായ സംസ്‌കാരങ്ങളുടെ നിലനില്‍പ്പാണ് ഇന്ത്യയെ ശ്രദ്ധേയമാക്കുന്നതെന്നും അത്തരം മൂല്യങ്ങളെ പോറലേല്‍ക്കാതെ കാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും പിന്തുണ ഫലസ്തീന്‍ ജനതയ്ക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. ബഹുസ്വരതയെന്ന ദര്‍ശനത്തെ ശക്തിപ്പെടുത്താന്‍ നാം പ്രതിജ്ഞാബദ്ധരാകണം. പരസ്പരമുള്ള സഹവര്‍ത്തിത്വവും സാഹോദര്യവും ഉറപ്പുവരുത്തേണ്ടത് ഇസ്‌ലാം മനുഷ്യരില്‍ അര്‍പ്പിച്ച ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അവശ വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ ആള്‍ക്കൂട്ട ആക്രമണങ്ങളും വിവേചനങ്ങളും അരങ്ങേറുകയാണ്. ഇത് അവസാനിക്കണമെങ്കില്‍ ഭരണഘടനാ മൂല്യങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
നാഷനല്‍ ഹെറാള്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് സഫര്‍ ആഗ മുഖ്യപ്രഭാഷണം നടത്തി. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് സൈനുല്‍ ആബിദ് ചിശ്തി, സയ്യിദ് നസ്‌റുദ്ദീന്‍ ചിശ്തി, പ്രൊഫ.മുഹമ്മദ് അഖ്തര്‍ സിദ്ദീഖി, അഡ്വ.പി.എസ് സുല്‍ഫിഖര്‍ അലി, ഓണംപിള്ളി മുഹമ്മദ് ഫൈസി, അഡ്വ.ഹാരിസ് ബീരാന്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. എസ്.കെ.എസ്.എസ് എഫിന്റെ മേല്‍നോട്ടത്തില്‍ ദേശീയാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സാമൂഹിക പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണു ദേശീയ സമ്മേളനത്തിന്റെ ലക്ഷ്യം.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് 'ഇന്ത്യന്‍ മുസ്‌ലിംകള്‍: ഭാവിയുടെ വഴികള്‍' എന്ന വിഷയത്തില്‍ സകാത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സഫര്‍ മഹ്മൂദ്, ഓള്‍ ഇന്ത്യ മജ്‌ലിസ് മുശാവറത് പ്രസിഡന്റ് നവീദ് ഹാമിദ് സംസാരിക്കും. സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പങ്കെടുക്കും. സമാപന സമ്മേളനം ഷഫീഖ് റഹ്മാന്‍ എം.പി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."