500 കോടി തട്ടി തമിഴ്‌നാട്ടിലെ മണിചെയിന്‍ കമ്പനി മുങ്ങി
പാലക്കാട്: കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മണി ചെയിന്‍, നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ഡി.എം.ജി 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങി. പ്രവാസികളുടെയും വ്യാപാരികളുടെയും നിക്ഷേപമാണ് ഇതില്‍ കൂടുതലും. വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ള സാധാരണക്കാര്‍ ഇതില്‍ ചെറുതും വലുതുമായ സംഖ്യകള്‍ നിക്ഷേപിച്ചിട്ടുണ്ട്. ഏജന്റുമാര്‍ മുഖേനയാണ് ഇവരെ വലയില്‍ വീഴ്ത്തിയത്.
ഏകദേശം ഒരു വര്‍ഷം മുന്‍പാണ് 'ഡ്രീം മെയ്‌ക്കേഴ്‌സ് ഗ്രൂപ്പ്' അഥവാ ഡി.എം.ജി എന്ന പേരില്‍ കേരളത്തില്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ഏജന്റുമാര്‍ മുഖേനയും നേരിട്ടും 6,000, 12,000, 24000,48000 എന്നിങ്ങനെ ലക്ഷങ്ങള്‍ വരെയാണ് നിക്ഷേപമായി സ്വീകരിച്ചിരുന്നത്. 6000 രൂപ നിക്ഷേപിച്ചാല്‍ അഞ്ച് മാസം കൊണ്ട് അതിന്റെ ഇരട്ടിയായ 12,000 രൂപ തിരിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. കൂടാതെ ഇടപാടുകാരന്റെ അക്കൗണ്ടില്‍ ദിവസം 90 രൂപ വച്ച് നിക്ഷേപിക്കും.
മാത്രമല്ല, ഒരാളെ ചേര്‍ത്താല്‍ ഏജന്റിന് ചേരുന്നയാള്‍ നിക്ഷേപിക്കുന്ന തുകയുടെ 50 ശതമാനവും വാഗ്ദാനം ചെയ്തിരുന്നു. ആദ്യകാലങ്ങളില്‍ ബാങ്ക് അവധി ദിനങ്ങളിലൊഴികെ കൃത്യതയോടെ പണമെത്തിയതോടെ കൂടുതലാളുകള്‍ ഈ മണി ചെയിന്‍ കമ്പനിയില്‍ ചേരാന്‍ തുടങ്ങി. ബിസിനസ് വര്‍ധിച്ചതോടെ വടക്കന്‍ കേരളത്തിലെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനായി തൃശൂര്‍ ആസ്ഥാനമാക്കി ഇവര്‍ ഓഫിസ് തുറക്കുകയും ചെയ്തു.
എന്നാല്‍ ഇതിനിടെയാണ് കള്ളപ്പണം വെളുപ്പിക്കാന്‍ മണി ചെയിന്‍ മാര്‍ക്കറ്റിങ് കമ്പനിയെ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഡി.എം.ജിക്കെതിരേ റിസര്‍വ് ബാങ്ക് അന്വേഷണം നടത്തിയത്. പണം വാങ്ങാനോ വിനിമയം ചെയ്യാനോയുള്ള യാതൊരു അംഗീകാരവും കമ്പനിക്കില്ലെന്നു വ്യക്തമായതോടെ ഡി.എം.ജി യുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചു. ഇതോടെ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നിക്ഷേപകരുടെ അക്കൗണ്ടിലും പണമെത്താതായി.
കോയമ്പത്തൂരിലെയും തൃശൂരിലെയും ഓഫിസ് അടച്ചു പൂട്ടിയതോടെ ഇടപാടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതായി. നേരത്തെ പണമിടപാട് തടസപ്പെട്ടപ്പോള്‍ ആര്‍.ബി.ഐ അംഗീകാരം നേടിയിട്ടുണ്ടെന്നും നിക്ഷേപകര്‍ കൂടുതല്‍ പണം നല്‍കി അവരുടെ നിക്ഷേപ സംഖ്യ കൂട്ടണമെന്നുമായിരുന്നു കമ്പനി പ്രതിനിധികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ പലര്‍ക്കും കഴിഞ്ഞില്ല. കോയമ്പത്തൂരും തൃശൂരും ഇവരുടെ ഓഫിസിലേക്ക് പോയവര്‍ക്ക് ഷട്ടറിട്ട സ്ഥാപനം കണ്ടു മടങ്ങേണ്ടി വന്നു. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. കമ്പനിയില്‍ നിക്ഷേപം നടത്തിയ പാലക്കാട് നെന്മാറയിലെ ഒരു പ്രമുഖ ഭരണകക്ഷി നേതാവിന് 10 ലക്ഷം രൂപയാണ് നഷ്ടമായത്.
ഗള്‍ഫില്‍ നിന്നും ജോലി മതിയാക്കി തിരിച്ചു വന്നവര്‍ ദിനംപ്രതി ലഭിക്കുന്ന തുകയില്‍ പ്രതീക്ഷയര്‍പ്പിച്ച് ലക്ഷങ്ങളാണ് നിക്ഷേപിച്ചത്. വീടുവയ്ക്കാന്‍ സ്വരുക്കൂട്ടിയ പണം മുതല്‍ സഹോദരിയുടെ വിവാഹത്തിനായി മാറ്റിവച്ചിരുന്ന തുക വരെ നിക്ഷേപിച്ചവരുണ്ട്.
ഇടപാടുകാര്‍ ഇപ്പോള്‍ ഏജന്റുമാരോടാണ് പണം ചോദിക്കുന്നത്. എന്നാല്‍ കമ്പനി അടച്ചതു കാരണം കൃത്യമായ മറുപടി നല്‍കാനാവാതെ വിഷമവൃത്തത്തിലാണ് ഏജന്റുമാര്‍. കമ്പനി വെബ്‌സൈറ്റും അക്കൗണ്ടും ഇപ്പോള്‍ മരവിപ്പിച്ച നിലയിലാണ്. കൂടാതെ ആദായ നികുതി വകുപ്പും പൊലിസ് സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടവര്‍ പരാതി പറയാന്‍ തയാറല്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടുകയാണെന്ന് പറയുന്നു. പണം നിക്ഷേപിച്ചവരില്‍ സര്‍വിസിലുള്ള പൊലിസുകാരും റിട്ട.പൊലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതോടെയാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."