മൃഗസംരക്ഷണത്തിന് ജില്ലയില്‍ ചെലവിട്ടത് 15.59 കോടി; അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ 45 സ്‌കൂളില്‍
ആലപ്പുഴ: ഒരു വര്‍ഷത്തിനിടയില്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ 15.59 കോടി രൂപയുടെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ജില്ല മൃഗസംരക്ഷണ ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ താറാവുകളെ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പ്രകാരം കൊന്നൊടുക്കിയിരുന്നു. ഇതിനുള്ള നഷ്ടപരിഹാരമായി 97 കര്‍ഷകര്‍ക്കായി 8.97 കോടി രൂപയാണ് വിതരണം ചെയ്തത്. പാണാവള്ളിയില്‍ മൃഗാശൂപത്രി കെട്ടിടത്തിന് 53.35 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ഏപ്രിലില്‍ കെട്ടിട നിര്‍മാണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വിവിധ ആനുകൂല്യങ്ങളുടെ ആകെ ഗുണഭോക്താക്കള്‍ 556 ആണ്. ഇതില്‍ 225 വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം 45 സ്‌കൂളുകളിലായി 50 വീതം വിദ്യാര്‍ഥികള്‍ക്കാണ് അഞ്ചു വീതം കോഴികളെ നല്കിയത്. പദ്ധതിക്കായി 16 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
ജില്ലയിലെ 30 ക്ഷീരകര്‍ഷകര്‍ക്ക് കറവയന്ത്രം വാങ്ങിയതിന് 25000 രൂപ വീതം ധനസഹായം നല്കിയതിന് 7.5 ലക്ഷം രൂപയാണ് ചെലവായത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനെ മാതൃകഗ്രാമമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 147 കര്‍ഷകര്‍ക്കായി അഞ്ചു ലക്ഷം രൂപ ചെലവില്‍ ആടുകളെ വിതരണം ചെയ്തു. രാത്രികാല മൃഗസംരക്ഷണ സേവനപ്രവര്‍ത്തനങ്ങള്‍ പുതുതായി ആര്യാട്, ഭരണിക്കാവ്, ചെങ്ങന്നൂര്‍, അമ്പലപ്പുഴ ബ്ലോക്കുകളില്‍ കൂടി ആരംഭിച്ചു.
രണ്ടു പദ്ധതികളിലായി 5434 കിടാക്കളെ രജിസ്റ്റര്‍ ചെയ്ത് കാലിത്തീറ്റ വിതരണം നടത്തുന്ന പദ്ധതിയും ഇക്കാലയളവില്‍ തുടങ്ങി. ഗോവര്‍ധിനി പദ്ധതിയില്‍ 3634 കിടാക്കളെയാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയ്ക്കായി കാലിത്തീറ്റയുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി ചെലവഴിച്ചത്. കാഫ് അഡോപ്ഷന്‍ പദ്ധതിയില്‍പ്പെടുത്തി 1800 കിടാക്കളെ കൂടി രജിസ്റ്റര്‍ ചെയ്ത് കാലിത്തീറ്റയുള്‍പ്പടെയുള്ളവയ്ക്കായി 1.1 കോടി രൂപ ചെലവഴിച്ചു.
അഞ്ച് പെണ്ണാടും ഒരു മുട്ടനാടും ഉള്‍പ്പെടുന്ന ഗോട്ട് സാറ്റലൈറ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ജില്ലയില്‍ 14 ലക്ഷം രൂപയാണ് ചെലവിട്ടത്. 57 ഗുണഭോക്താക്കള്‍ക്കായി 342 ആടുകളെയാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്. ഇക്കാലയളവില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തിലും നഗരസഭകളിലുമായി മൃഗാരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. പുതിയതായി മൂന്നു സ്‌കൂളുകളില്‍ കൂടി ജന്തുക്ഷേമ സമാജത്തിന് തുടക്കം കുറിച്ചു. 1.5 ലക്ഷം രൂപയാണ് ഇതിന് ചെലവായത്. കഴിഞ്ഞ വര്‍ഷം മികച്ചനിലയില്‍ ജന്തു ക്ഷേമ സമാജം നടപ്പാക്കിയ സ്‌കൂളിന് 10,000 രൂപയുടെ അവാര്‍ഡും നല്കിയതായി സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."