ഗുരുവായൂര്‍ ടൗണ്‍ ഹാളിന്റെ വാടക ഭീമമായി വര്‍ധിപ്പിച്ചു
ഗുരുവായൂര്‍: നഗരസഭ ടൗണ്‍ ഹാളായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ടൗണ്‍ ഹാളിന്റെ വാടക നഗരസഭ ഭീമമായി വര്‍ധിപ്പിച്ചു.
ഓഡിറ്റോറിയവും കിച്ചണ്‍ അടങ്ങുന്ന ഡൈനിങ് ഹാളും ഉപയോഗിക്കുന്നതിനു നഗരസഭ നിലവില്‍ ഒരു ദിവസത്തേക്ക് 8,000 രൂപയാണ് വാടക ഈടാക്കിയിരുന്നത്. ഇതില്‍ വൈദ്യുതി, ക്ലീനിങ് എന്നിവയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വാടക മാത്രം 20,000 രൂപയാക്കി നഗരസഭ ഉയര്‍ത്തി. ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. വാടക തുകയുടെ 18ശതമാനം ജി.എസ്.ടിയായി 3,600 രൂപയും ക്ലീനിങ് ചാര്‍ജായി 2,000 രൂപയും ഒടുക്കേണ്ടി വരും. ഇതിനു പുറമെ വൈദ്യുതി ചാര്‍ജ് മീറ്റര്‍ റീഡിങ് പ്രകാരം നല്‍കേണ്ടി വരും. ഫലത്തില്‍ വിവാഹത്തിനോ മറ്റോ ടൗണ്‍ ഹാള്‍ ഉപയോഗിക്കണമെങ്കില്‍ 26,000ത്തിലേറെ രൂപ ഒടുക്കേണ്ടി വരും. ഡൈനിങ് കിച്ചണ്‍ ബ്ലോക്ക് മാത്രമായി ഉപയോഗിക്കാന്‍ 10,000 രൂപ വാടകയും 18ശതമാനം ജി.എസ്.ടിയായി 18,00 രൂപയും ക്ലീനിംങ് ചാര്‍ജും മീറ്റര്‍ റീഡിംങ് അനുസരിച്ച് വൈദ്യുതി ചാര്‍ജും നല്‍കേണ്ടി വരും.
ടൗണ്‍ ഹാള്‍ വാടകയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ ഉയര്‍ത്തിയ വാടക ഭീമമാണെന്നും ഇതു സാധാരണക്കാര്‍ക്കു ബുദ്ധിമുട്ട് ഉളവാക്കുമെന്നും ഇതു ഗുരുവായൂരിലെ സ്വകാര്യ ഓഡിറ്റോറിയം ഉടമകളെ സഹായിക്കാനാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് ബാബു ആളൂരിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങളും ലീഗ് അംഗം റഷീദ് കുന്നിക്കലും കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി.
എന്നാല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ആന്റൊ തോമസ് , എ.ടി ഹംസ, ഷൈലജ ദേവന്‍, ശ്രീന സുവീഷ്, അനില്‍ ചിറക്കല്‍ എന്നിവര്‍ ഇറങ്ങിപ്പോക്കില്‍ പങ്കെടുക്കാതിരുന്നത് പ്രതിപക്ഷത്ത് ഭിന്നത വെളിവാക്കി. പ്രതിപക്ഷത്തെ എക ബി.ജെ.പി അംഗം ശോഭ ഹരി നാരായണന്‍ യോഗത്തില്‍ പോയിരുന്നില്ല.
കൗണ്‍സിലര്‍മാരുടെ ഇറങ്ങിപ്പോക്കില്‍ വെളിവായത് കോണ്‍ഗ്രസിലെ ഭിന്നത
ഗുരുവായൂര്‍: ടൗണ്‍ ഹാളിന്റെ വാടക നഗരസഭ ഭീമമായി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടുള്ള കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഒരു വിഭാഗം ഇറങ്ങി പോയപ്പോള്‍ ഒരു വിട്ടു നിന്നത് വെളിവാക്കുന്നത് കോണ്‍ഗ്രസിലെ ഭിന്നത.
പ്രതിപക്ഷ നേതാവ് ബാബു ആളുരിന്റ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങളും, ലീഗ് അംഗം റഷീദ് കുന്നിക്കലും ഇറങ്ങിപ്പോയപ്പോള്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ആന്റൊ തോമസ്, ഷൈലജ ദേവന്‍, ശ്രീന സുവീഷ്, എ.ടി ഹംസ, അനില്‍ ചിറക്കല്‍ എന്നിവര്‍ ഇറങ്ങിപ്പോക്കില്‍ പങ്കെടുക്കാതിരുന്നത് വെളിവാക്കുന്നത് കോണ്‍ഗ്രസിനകത്തെ കടുത്ത ഭിന്നതയാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തിലുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാതെ അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നത് ജനങ്ങളോട് ഇവര്‍ക്ക് പ്രതിബന്ധതയില്ലയെന്നാണ് വ്യക്തമാക്കുന്നതെന്ന് ഇറങ്ങിപ്പോക്കില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍ നഗരസഭ ടൗണ്‍ ഹാളിന്റെ വാടക ഭീമമായി വര്‍ധിപ്പിച്ചതിനെ അനുകൂലിക്കുന്നില്ലെന്ന് ഇറങ്ങിപ്പോക്കില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ പ്രതിപക്ഷത്തെ പ്രതിനിധീകരിക്കുന്ന ബാബു ആളൂര്‍, പ്രസാദ് പൊന്നരശ്ശേരി, ജോയ് ചെറിയാന്‍ തുടങ്ങിയവര്‍ ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി യോഗത്തില്‍ ടൗണ്‍ ഹാളിന്റെ വാടക വര്‍ധനവ് ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ വിയോജിപ്പ് രേഖപ്പെടുത്തിയില്ലെന്നും കൗണ്‍സിലില്‍ വിഷയം വന്നപ്പോള്‍ ഇറങ്ങിപ്പോക്ക് നടത്തിയത് ഇരട്ടതാപ്പാണെന്നും ഇറങ്ങിപ്പോക്കില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മെയ് 24ന് ചേര്‍ന്ന ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി ടൗണ്‍ ഹാളിന്റെ വാടക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ബൈലൊ തയ്യാറാക്കി നഗരസഭ കൗണ്‍സിലിന്റ അനുമതിക്ക് സമര്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."