ഹിജ്‌റ മുസ്ലിമിന്റെ വഴിയും വഴിവിളക്കും
ഹിജ്‌റ ഒരു ഓര്‍മപ്പെടുത്തലാണ്. കാലത്തിന്റെ ഏടില്‍ നിന്നും ആയുസ്സിന്റ പുസ്തകത്തില്‍ നിന്നും ഓരോ സംവല്‍സരവും കൊഴിഞ്ഞ് പോകുമ്പോള്‍ മുസ്ലിമിന്റെ ജീവിതത്തിലെ വഴിലക്ഷവും വഴിദൂരവും, മുന്നേ നടന്ന മാതൃകാ മനുഷ്യനെ ചൂണ്ടിയുള്ള എക്കാലെത്തെയും ഒരു ഓര്‍മ്മപ്പെടുത്തല്‍. അതുകൊണ്ടുതന്നെയാണ് ഇസ്ലാമിക കലണ്ടര്‍ കൃത്ത്യപ്പെടുത്തുന്ന വേളയില്‍, ഇസ്ലാമിക ചരിത്രത്തിലെ നിസ്തുല്ലമായ ഒരു സംഭവത്തിലേക്ക് ചേര്‍ത്തി ഒന്നാം വര്‍ഷം കണക്കാക്കാം എന്ന ചര്‍ച്ചയില്‍ ഹുദൈബിയ സന്ധിയും, ബദര്‍ യുദ്ധവും തിരുനബിയുടെ ജന്മദിനവും അഭിപ്രായപ്പെട്ടിടത്ത് ഹിജ്‌റയെ ഉമര്‍ (റ) തെരഞ്ഞെടുത്തത്. ഉമര്‍, 'അവരുടെ നാവിലും ചിന്തയിലും നീധിയും ശരിയുമേ ഉണ്ടാകൂ' എന്ന് പറഞ്ഞ് വെച്ചിട്ടേ തിരുനബി(സ്വ) വിടപ്പറഞ്ഞിട്ടുമൊള്ളു(അഹ്മദ്, ത്വബ്‌റാനി).
ഹിജ്‌റ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അന്‍സാരികളില്‍ പെട്ടവനാകുമായിരുന്നു(സ്വഹീഹ് ബുഖാരി) എന്ന തിരുനബിയുടെ വാക്കില്‍ നിന്ന് മനസ്സിലാക്കാം ഹിജ്‌റയുടെ പ്രസക്തി. അത്രയും കാലത്തെ മക്കാ ജീവിതം ഹിജ്‌റയെ പ്രധീക്ഷിച്ച് മാത്രമായിരുനെന്ന് ഉള്‍സാരം. മാത്രമല്ല, ഹിജ്‌റ ചെയ്യാന്‍ ശങ്കിച്ച് മക്കയില്‍ തന്നെ തുടര്‍ന്നവരെ ശക്തമായി ആക്ഷേപിച്ച ഖുര്‍ആന്‍(4/97) ഹിജ്‌റക്ക് വേണ്ടി സര്‍വ്വ സമ്പ്യാദ്യവും ത്യജിച്ച സുഹൈബ്(റ)വിനെ പ്രശംസിച്ച് അവതരിക്കവെരെ ചെയ്തു(വി.ഖു:2/207).
ഹുദൈബിയ സന്ധിക്കു മുമ്പുള്ള മുഹാജിറുകള്‍, അന്‍സാറുകള്‍ എന്നിവെരെ അവരല്ലാത്ത സ്വഹാബ തന്നെ ആക്ഷേപിക്കുന്നത് താക്കീത് ചെയ്ത തിരുനബി, 'അവരുടെ ഒരു പിടി ധര്‍മ്മം മറ്റുള്ളവര്‍ ഉഹുദ് മലയോളം സ്വര്‍ണം ധര്‍മ്മം ചെയ്യുന്നതിനേക്കാള്‍ പുണ്യമുള്ളതാണെന്ന് പ്രഖ്യാപിച്ചു(സ്വഹീഹ് മുസ്ലിം). അത്രമാത്രം സ്രേഷ്ടമാണ് ഹിജ്‌റയും ഹിജ്‌റ പോയവരും അവരെ സ്വീകരിച്ചവരും.
ഹിജ്‌റ തന്നെ ജീവിതം
അല്ലാഹുവിന്ന് വേണ്ടി അവനിലേക്ക് ഇടംവലം തിരിയാതെയള്ള ഒരു ഹിജ്‌റയാണ് ഓരോ മുസ്ലിമിന്റെയും ജീവിതം. ഹിജ്‌റ എന്ന അറബി പദം ഉത്ഭവിക്കുന്നത് 'ഹജറ' എന്ന വാക്കില്‍ നിന്നാണ്. അതിന്റെ അര്‍ത്ഥം തന്നെ ഉപേക്ഷിക്കുക, ത്വജിക്കുക എന്നാണ്. സാങ്കേതികമായി പറഞ്ഞാല്‍ അല്ലാഹുവിന് വേണ്ടി അവന്‍ അല്ലാത്ത എന്തിനെയും മാനസികമായും വേണ്ടിവന്നാല്‍ ഭൌതികമായും ത്വജിക്കുക എന്നതാണ് സാരം.
തിന്മയുടേയും അശ്രദ്ധയുടേയും വിളനിലങ്ങളില്‍ നിന്ന് ഇഷ്ട നാട്, വീട്, ഭൂമി, സമ്പാദ്യം, സൗഹൃദം, കുടുംബം എല്ലാം അല്ലാഹുവിനുവേണ്ടി ഉപേക്ഷിച്ച് ഈമാനും നന്മയും അധികരിച്ച നാടുകളിലേക്ക് പാലായനം ചെയ്യലാണ് അതിന്റെ ഭൗതിക ത്യാഗം.
മക്കയോട് വിടപറയുമ്പോള്‍ കഅ്ബയിലേക്ക് തിരിഞ്ഞ് തിരുനബി 'ഓ കഅബാ നിന്നെ പിരിയാന്‍ കഴിഞ്ഞിട്ടില്ല, നിന്റെയാളുകള്‍ ഇവിടെ നില്‍ക്കാന്‍ സമ്മതിക്കാനിട്ടാണെന്ന' യാത്രാമൊഴിയില്‍ കഅബയോടുള്ള ഇഷ്ടവും വിരഹവേദനയും പ്രകടമായിരുന്നു. ആ ഇഷ്ട ഗേഹവും അല്ലാഹുവിന്റെ കല്പനക്ക് മുന്നില്‍ തല്‍ക്കാലത്തെങ്കിലും ത്വജിക്കുകയായിരുന്നു.
ഹിജ്‌റ പോയ മറ്റു ഓരോരുത്തരുടെയും ത്യാഗം ഇങ്ങെ തന്നെ യായിരുന്നു. രത്‌ന വ്യാപാരം കൊണ്ട് കോടീശ്വരനായ സുഹൈബ്(റ) ഒറ്റ ദിവസംകൊണ്ട് ദരിദ്രനായി മാറിയത് ഇഷ്ട സംബാദ്യം അല്ലാഹുവിന് വേണ്ടി ഉപേക്ഷിച്ച് പോകാന്‍ തയ്യാറായത് കൊണ്ടായിരുന്നു. സര്‍വ്വതും ഉപേക്ഷിക്കുന്നിടത്താണ് ഈ പരീക്ഷണത്തിന്റെ വിജയം. അതുകൊണ്ടാണ് എല്ലാം ഉപേക്ഷിച്ചു വന്ന സുഹൈബ് (റ)വിനെ നബി തങ്ങള്‍ ലാഭം കൊയ്ത് വന്നിരിക്കുന്നിതാ എന്ന് പറഞ്ഞ് സ്വീകരിച്ചത് (ഹാകിം, ത്വബ്‌റാനി).
മുന്‍ഗാമികളായ എല്ലാ പ്രവാചകന്മാരുടെ ജീവിതത്തിലും ഈ ഹിജ്‌റ ഉണ്ടായതായി ചരിത്രത്തില്‍ കാണാം. ഇബ്രാഹിം നബിക്ക് രണ്ട് ഹിജ്‌റ വെരെ ഉണ്ടായി. സാറാ ബീവിയോടും ലൂത്ത് നബിയോടും കൂടെ ശാമിലേക്കായിരുന്നു ആദ്യത്തേത്(വി.ഖു:29/26). പ്രവാചകരുടെ അനന്തരാവകാശികളായ എക്കാലെത്തേയും ആരിഫീങ്ങളുടെ ജീവിതവും ഹിജ്‌റയിലും അനന്തരമെടുക്കുന്നതായിരുന്നു. അവിടെയാണ് ശൈഖ് ജീലാനി തങ്ങള്‍, അജ്മീര്‍ ഖാജാ(റ), മറ്റു ഒട്ടുമിക്ക സൂഫീ ഗുരുക്കന്മാരുടേയും യാത്രകള്‍ ചെന്ന് നില്‍ക്കുന്നത്.
ചലന മേനി അജഞ്ചല മനസ്സ്
അല്ലാഹുവിനെ ലക്ഷ്യംവെച്ച് നീങ്ങുന്ന ഏതൊരു മനുഷ്യനും ഹിജ്‌റയില്ലാതെ അവനിലേക്ക് ചെന്നെത്താനാവില്ല. ഇവിടെ വിടാതെ അവിടെയെത്തല്‍ അസാധ്യമാണല്ലോ..(ഇമാം ഖുശൈരി). തെറ്റുകളില്‍ നിന്ന് തൗബയിലേക്കും അശ്രദ്ധയില്‍ നിന്നും അല്ലാഹ് എന്ന ചിന്തയിലേക്കും അലച്ചയില്‍ നിന്നും പരിത്യാഗത്തിലേക്കും ഉള്ളത് തൃപ്തിപെടുന്നതിലേക്കും വൈകാരിക ന്യൂനതകളില്‍ നിന് വിശുദ്ധിയിലേക്കും മനസ്സ് പാലായനം ചെയ്യലാണ് ആ ഹിജ്‌റ. അത് ഭൌതിക ഹിജ്‌റയേക്കാള്‍ ക്ലേശകരമാണ്. പക്ഷേ, ലക്ഷ്യത്തിലെത്തുമ്പോള്‍ സൃഷ്ടിയായ അവന്റെ ഓരോ അടക്കവും അനക്കവും അല്ലാഹുവിന്റ പ്രവര്‍ത്തനം മാത്രമാണെന്ന അതുവെരെയുള്ള അറിവ് അനുഭത്തില്‍ ഉറപ്പാകുന്നു. എല്ലാം അല്ലാഹു ആയിരിക്കെ, മറ്റേതിലേക്കും തിരിയാതെ മനസ്സ് അവനില്‍ മാത്രമായി ലയിക്കുന്നു. (ബഹ്‌റുല്‍ മദീദ് സൂറ:29/26). അതോടെ ഏത് പ്രതിസന്ധിയിലും ശാന്തനാവുന്നു. അവിടെയാണ് സൌര്‍ ഗുഹാ മുഖത്ത് ശത്രുവന്ന് സ്വിദ്ദീഖ്(റ) മുഖത്ത് ഭയം നിഴലിച്ചപ്പോഴും തിരുനബി നമ്മള്‍ രണ്ട്‌പേര്‍ തനിച്ചല്ല മൂന്നാമനായി അല്ലാഹു കൂടെയുണ്ടെന്ന് സമാധാനിപ്പിച്ചത്.
ഈ അവസ്ഥാന്തരത്തിലാണ് തിരുനബി രണ്ട് റക്കഅത്ത് കഴിഞ്ഞ് ളുഹ്‌റ് സലാം വീട്ടിയത്. രണ്ടാമത് ഓര്‍മിക്കപ്പെട്ടപ്പോള്‍ അതേ അവസ്ഥയിലായിരുന്നെങ്കിലും പുഞ്ചിരിച്ച് മറുപടി പറഞ്ഞ് ബാക്കി നിസ്‌കരിച്ചു. അവിടെയും ലയനത്തിലായിലുന്നു. പക്ഷേ ആദ്യത്തെ സ്ഥാനത്തേതിലും ഉയര്‍ന്ന് ഒരേ സമയം മനസ്സ്(റൂഹ്) അല്ലാഹുവിന്റ തിരുസവിധത്തിലും ജനങ്ങളുടെ പ്രശ്ണ പരിഹാര ഉപദേശ നിര്‍ദേശങ്ങളിലും മുഴികി
ഹിജ്‌റ ഒരു ഒളിച്ചോട്ടമല്ല
ആത്മീയമായി അല്ലാഹുവിലേക്ക് ഉയരുന്നവര്‍ക്ക് ഹൃദയവിശുദ്ധിയും ദൈവിക ഗുണങ്ങളും കരസ്ഥമാക്കാന്‍ ആവശ്യമായ പാഠങ്ങളും പരിശീലനങ്ങളും പരീക്ഷണങ്ങള്‍ക്കുമാണ് ഓരോ ഹിജ്‌റയും സമാന യാത്രയും.
അതില്‍ കണ്ണ്, കാത്, നാവ് മറ്റു അവയവങ്ങളിലുള്ള തഖ് വ, സുഹുദ് (പരിത്യാഗം) തവക്കുല്‍ (സര്‍വ്വം അല്ലാഹുവില്‍ ബലം ഏല്‍പ്പിക്കല്‍) ഖനാഅത്ത്(ഉള്ള അല്‍പത്തിലും തൃപ്തിപ്പെടല്‍), റിളാ ബില്‍ ഖളാ(ഏത് വിധിയിലും തൃപ്തിയടയല്‍), ഇഖ്‌ലാസ്(ആത്മാര്‍ത്ഥത), ശുക്ര്‍(നന്ദി), സ്വബ്‌റ്(ക്ഷമ) തുടങ്ങി എല്ലാം പരിശീലിപ്പിക്കുകയും പരീക്ഷിക്കപ്പെട്ടുകയും ചെയ്യും.
ഈ പരിശീലനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ആവശ്യമായ സാഹചര്യം ഒരുക്കുന്നതാണ് രോഗം, വിശപ്പ്, ദാരിദ്ര്യം, പരിമിത സൗകര്യം.. ഗുഹയും മരത്തണലും ഗേഹമായി തിരഞ്ഞെടുത്തപ്പോള്‍ വിശപ്പിന്റെ കാഠിന്യം കാരണം അകിടില്ലാത്ത ആടിനെ തടവി പാല്‍ ലഭിച്ചതും കുടിച്ചതും ഇവിടെയാണ്. പാമ്പിന്റെ വിശം കയറിയ അസഹ്യ വേദന സ്വിദ്ദീഖ് (റ) കടിച്ചു പിടിച്ചു.
തവക്കുലിന്റെ പരീക്ഷണത്തിനാണ് ശത്രുക്കള്‍. അവിടെയാണ് തിരുനബിയുടെ ഹിജ്‌റയിലെ ശത്രു പടയാളികളും ഇബ്രാഹിം നബിയുടെ യാത്രയിലെ സാറാ ബീവിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ക്രൂര രാജാവും(ബുഖാരി, മുസ്ലിം) പ്രത്യക്ഷപ്പെടുന്നത്. യാത്രാവഴിയില്‍ കാണപ്പെടുന്ന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ നമുക്ക് നല്‍കപ്പെട്ട അനുഗ്രഹ വലിപ്പത്തിന്റ ഷുക്‌റിനുള്ളതാണ്. അന്യ നാട്, നാട്ടുകാര്‍, മുന്‍നിശ്ചിതമല്ലാത്ത വഴി.. എല്ലാ നിലയിലും അല്ലാഹുവില്‍ മാത്രം അഭയമുറപ്പിക്കാനാണ്. അവിടെയൊക്കെ വിജയിക്കുമ്പോള്‍ കാല കാര്യ കാരണങ്ങളില്ലാതെ അല്ലാഹുവിന്‍ന്റെ അപ്രതീക്ഷിത സഹായം ആനന്ദവും വിശ്വാസാവേശവും നല്‍ക്കുന്നു.
ശൈഖ് ജീലാനി തങ്ങളുടെ യാത്ര 25 വര്‍ഷത്തോളം നീണ്ടു എന്നാണ് ചരിത്രം. അജ്മീര്‍ ഖാജാ തങ്ങളുടെ യാത്രയും വിത്യസ്ഥമായിരുന്നില്ല. ലക്ഷണമൊത്ത ശിശ്യന്‍മാരെ വാര്‍ത്തെടുക്കാന്‍ ആത്മ ഗുരുക്കന്‍മാര്‍ എന്നും ഇന്നും ഈ ശൈലി സ്വീകരിക്കുന്നു..
പുതിയ കാലത്തെ ഹിജ്‌റാ സന്ദേശം
14 ദിവസം നീണ്ടുനിന്ന തിരുനബിയുടെ ഹിജ്‌റ പറഞ്ഞുതരുന്നത് ഒരേയൊരു സന്ദേശമാണ്. അല്ലാഹുവിന്റെ സഹായം മാത്രമാണ് വിശ്വാസിയുടെ ആയുധവും കരുത്തും. ഈമാനാണ് അതിന്റെ മൂര്‍ച്ച. അതുണ്ടെങ്കില്‍ മറ്റാര്‍ക്കും അവനെ അതിജയിക്കാനുമാവില്ല.
ആയുധ സജ്ജരായ നൂറോളം യോദ്ധാക്കള്‍ക്ക് മുന്നില്‍ തിരുനബിക്ക് അല്ലാഹു സംരക്ഷണത്തിന്റ പരിജ വിരിച്ചത് ഏറ്റവും നിസ്സാര വലയമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച(ഖു:29/41) ചിലന്തിവല കൊണ്ടാണ്. ശത്രുവിന്റ ആയുധങ്ങളേക്കാള്‍ മൂര്‍ച്ച സ്വഹാബയുടെ ഈമാനിനുണ്ടായപ്പോഴാണ് ബദര്‍ ജയിച്ചത്. ഇബ്രാഹീം നബിയുടെ ഉറച്ച ഈമാനിലായിരുന്നു തീ തണുത്ത് പോയത്. ആഭിചാര ചക്രവര്‍ത്തികളായിരുന്ന രജപുത്രരുടെ ക്രൂര ഭരണം സൈന്യ ശക്തിയിലായിരുന്നില്ല അജ്മീര്‍ ഖാജ(റ) അവസാനിപ്പിച്ചത്, അല്ലാഹുവിലുള്ള വിശ്വാസത്തിന്റ ബലത്തിലായിരുന്നു.
സാഹചര്യങ്ങള്‍ ഭയപ്പെടുത്തുന്നുവെങ്കില്‍ നാം ഉള്‍കൊള്ളുക – 'അല്ലാഹു നമ്മെ സഹായിക്കുകയാണെങ്കില്‍ നമ്മെ മറികടക്കുവാന്‍ ആര്‍ക്കുമാവില്ല'(ഖു: 3/160), 'അതിന് നിങ്ങള്‍ അല്ലാഹുവിനെ തഖ്.വകൊണ്ട് സഹായിക്കുക, അല്ലാഹു നിങ്ങളേയും സഹായിക്കും, എതിരാളിക്ക് മുമ്പില്‍ അടിയുറച്ച് നിറുത്തും'' ( ഖു:47/7). ഈമാനുണ്ടോ 'വിഷമിക്കേണ്ടതില്ല, അള്ളാഹു ഉണ്ട് കൂടെ'( ഖു:9/40). അതാണ് ഹിജ്‌റയുടെ പുതുകാല സന്ദേശം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."