തൃശൂരിലെ കനറാ ബാങ്ക് എ.ടി.എം കവര്‍ച്ചാ ശ്രമം രണ്ടുപേര്‍ പിടിയില്‍
തൃശൂര്‍: കിഴക്കുംപാട്ടുകരയില്‍ കനറാ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പഴക്കച്ചവടം നടത്തിയിരുന്ന കാസര്‍കോട് സ്വദേശി മെഹ്‌റൂഫ് (34), സുഹൃത്തായ കോട്ടയം സ്വദേശി സതീഷ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. മെഹ്‌റൂഫിന്റെ ചിത്രവും പ്രതികള്‍ ഫോണില്‍ സംസാരിക്കുന്നതും ഇവിടുത്തെ കാമറയില്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പൊലിസ് സൈബര്‍ സെല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണ്ണൂത്തിയില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന ഇരുവരും പിടിയിലായത്.
മെഹ്‌റൂഫാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലിസ് പറഞ്ഞു. വ്യാപാര ആവശ്യത്തിനായി മെഹ്‌റൂഫ് സഹോദര ഭാര്യയുടെ സ്വര്‍ണം പണയം വച്ചിരുന്നു. ഇതെടുത്തു കൊടുക്കാന്‍ വീട്ടുകാരുടെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദമുണ്ടായി. ഇതാണ് കവര്‍ച്ച നടത്താന്‍ കാരണമെന്ന് മെഹ്‌റൂഫ് പറഞ്ഞതായി പൊലിസ് വ്യക്തമാക്കി.
യൂട്യൂബില്‍ സെര്‍ച്ച് ചെയ്ത് എ.ടി.എം എങ്ങിനെ തുറക്കാന്‍ കഴിയുമെന്ന് നോക്കി മനസിലാക്കിയാണ് കവര്‍ച്ചക്കെത്തിയത്. രാത്രി ഒന്നരയോടെ തൃശൂര്‍ നഗരത്തിലെ മറ്റൊരു എ.ടി എമ്മില്‍ മോഷണത്തിനായി ഇവര്‍ കയറിയിരുന്നു. എന്നാല്‍ സെക്യൂരിറ്റിയെ കണ്ട് പിന്‍വാങ്ങുകയായിരുന്നു. പിന്നീട് രണ്ടു മണിയോടെയാണ് കനറാ ബാങ്ക് എ.ടി.എമ്മില്‍ കയറിയത്. ഇവിടെ സെക്യൂരിറ്റിയുണ്ടായിരുന്നില്ല. മെഹ്‌റൂഫ് കമ്പിപ്പാരയുമായി കൗണ്ടറിന്റെ ഉള്ളില്‍ കടന്നപ്പോള്‍ സതീഷ് ബൈക്കില്‍ പുറത്തു കാത്തുനിന്നു. 15 മിനുട്ടോളം ശ്രമിച്ചിട്ടും മെഷീനിന്റെ ട്രേ തുറക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ പൊലിസ് ജീപ്പ് വരുന്നത് കണ്ട് ഇരുവരും കൗണ്ടറിനു പുറത്ത് ഒളിച്ചിരുന്നു.
പൊലിസ് വാഹനം പോയതോടെ വീണ്ടും ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് ഇരുവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ഉച്ചക്ക് മെഹ്‌റൂഫിനെയും സതീഷിനെയും പിടികൂടിയത്. ആദ്യമായാണ് ഇരുവരും കവര്‍ച്ചാ കേസില്‍ ഉള്‍പ്പെടുന്നതെന്ന് പൊലിസ് പറഞ്ഞു.
ഒരാഴ്ച മുന്‍പാണ് ചാലക്കുടിയില്‍ ദേശീയപാതയിലുള്ള എ.ടി.എമ്മില്‍നിന്ന് പത്തുലക്ഷം രൂപ കവര്‍ന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളെന്ന് കരുതുന്ന സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.
തൃശൂര്‍ ജില്ലയിലെ നാട്ടികയടക്കമുള്ള സ്ഥലങ്ങളിലും എ.ടി.എം കവര്‍ച്ചാശ്രമം നടന്നിരുന്നു. ഇതിനിടയിലാണ് തൃശൂരിലും കവര്‍ച്ചാ ശ്രമം അരങ്ങേറിയത്. സംഭവം നടന്ന് 36 മണിക്കൂറിനുള്ളില്‍ ഇതില്‍ പ്രതികളെ പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."