മിച്ച ഭൂമി വിട്ടു കൊടുക്കാതെ എം.എല്‍.എ; സംരക്ഷണം നല്‍കി സര്‍ക്കാറും
മുക്കം: തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് 40 വര്‍ഷത്തിലധികമായി അനധികൃതമായി മിച്ചഭൂമി കൈവശം വച്ചുവരുന്നതായി ആരോപിച്ച് യു.ഡി.എഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എല്‍.എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മിച്ചഭൂമി കൈവശം വെക്കാന്‍ എം.എല്‍.എക്ക് റവന്യൂ അധികൃതര്‍ ഒത്താശ ചെയ്തുകൊടുത്തതായും മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സംസ്ഥാന ലാന്റ് ബോര്‍ഡിന്റെ നിര്‍ദേശം റവന്യൂ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നോര്‍ത്ത് കാരശ്ശേരിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് മുക്കം അങ്ങാടി ചുറ്റി എം.എല്‍.എ ഓഫിസിന് മുന്‍പില്‍ വച്ച് പൊലിസ് തടഞ്ഞു. പൊലിസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഇ.പി ബാബു അധ്യക്ഷനായി. നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ കെ.ടി മന്‍സൂര്‍, കെ. കോയ, സത്യന്‍ മുണ്ടയില്‍, കരീം പഴങ്കല്‍, എന്‍.കെ അഷ്‌റഫ്, എം.പി.കെ അബ്ദുല്‍ ബറ്, സലാം തേക്കുംകുറ്റി, എം.ടി സൈദ് ഫസല്‍ സംസാരിച്ചു. ജി. അജിത് കുമാര്‍, കെ.പി സുനീര്‍, നിസാം കാരശ്ശേരി, കെ. കൃഷ്ണദാസ്, റഹൂഫ് കൊളക്കാടന്‍, ജംഷിദ് ഒളകര, പി. റഹ്മത്തുള്ള, ഫസല്‍ കൊടിയത്തൂര്‍, സമാന്‍ ചാലൂളി, വി.പി നിസാം നേതൃത്വം നല്‍കി.
കൊടിയത്തൂര്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്ന 16.4 ഏക്കര്‍ ഭൂമിയാണ് എം.എല്‍.എയുടേയും സഹോദരങ്ങളുടേയും കൈവശമുള്ള മിച്ചഭൂമിയാണെന്ന് പറയപ്പെടുന്ന സ്ഥലം. ഇതാണ് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് തിരിച്ചുപിടിക്കണമെന്ന് റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ 2000 ല്‍ കോഴിക്കോട് ലാന്റ് ബോര്‍ഡിന്റെ ഉത്തരവ് തന്റെ ഭാഗം കേള്‍ക്കാതെയാണന്ന് പറഞ്ഞ് എം.എല്‍.എ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതോടെ ആറ് മാസത്തിനകം തീരുമാനമെടുക്കാന്‍ 2003 ജൂലൈ മാസം ലാന്റ് ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി. 2004 മാര്‍ച്ചില്‍ എം.എല്‍.എക്ക് നോട്ടിസ് നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. നിരന്തരം ആവശ്യപ്പെട്ടെങ്കിലും 2007 ജൂണ്‍ മാസം നല്‍കിയ മറുപടിയിലും വിചാരണ പൂര്‍ത്തിയായില്ലെന്നാണ് താലൂക്ക് ലാന്റ് ബോര്‍ഡ് മറുപടി നല്‍കിയത്. 2017ല്‍ ഫയല്‍ ബോര്‍ഡിന്റെ കൈവശമില്ലെന്നും ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റിയെന്നുമുള്ള വിചിത്രമായ മറുപടിയാണ് താലൂക്ക് ലാന്റ് ബോര്‍ഡ് നല്‍കിയത്. സാധാരണ ഗതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന ഫയലുകള്‍ മാത്രമാണ് ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റാറുള്ളത്. ഇങ്ങനെ എം.എല്‍.എ സംരക്ഷിക്കുന്നതിനായി റവന്യു വകുപ്പ് ഒത്ത് കളിക്കുന്നതായാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."