മണിചെയിന്‍ തട്ടിപ്പ്, മുഖ്യമന്ത്രി ഇടപെട്ടു; നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം
സ്വന്തം ലേഖകന്‍
പാലക്കാട്: തമിഴ്‌നാട് കേന്ദ്രീകരിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളം മണിചെയിന്‍ പദ്ധതിയിലൂടെ പൊതുജനങ്ങളില്‍നിന്ന് അനധികൃതമായി നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ച ഡി.എം.ജി എന്ന മണി ചെയിന്‍, നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പിനിയെക്കുറിച്ചുയര്‍ന്ന പരാതികളില്‍ മുഖ്യമന്ത്രി ഇടപെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടികളെടുക്കാന്‍ ഡി.ജി.പിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിയും പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനുമായ പ്രേംജിത്തിന്റെ പരാതിയും സുപ്രഭാതം വാര്‍ത്തയും പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നടപടി.
ഓഗസ്റ്റ് 31ാം തിയതി സുപ്രഭാതത്തില്‍ ഇതേക്കുറിച്ച് വന്നവാര്‍ത്തയും മുഖ്യമന്ത്രി പരാതിയായി സ്വീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസിനോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും മറ്റുമായി പ്രവര്‍ത്തിച്ചുവന്നിരുന്ന മണി ചെയിന്‍ കമ്പനിയാണ് കോടികളുമായി മുങ്ങിയത്. ഇവരുടെ ചതിയില്‍ പണം നഷ്ടപ്പെട്ടവരില്‍ ഏറെയും വടക്കന്‍ കേരളത്തിലെ പ്രവാസികളാണ്. വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ള സാധാരണക്കാര്‍ പണം ഇരട്ടിയായി നല്‍കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച് കമ്പനിയില്‍ ചെറുതും വലുതുമായ സംഖ്യകള്‍ നിക്ഷേപിച്ചിട്ടുണ്ട്.
കേരളത്തിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ മുഖേനയാണ് സാധാരണക്കാരെ വലയില്‍ വീഴ്ത്തിയത്. കമ്പനിയുടെ തട്ടിപ്പുകളെക്കുറിച്ച് വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാടിനെതിരേ ഡി.എം.ജി കമ്പനിയുടെ ജീവനക്കാരും കേരളത്തിലെ ഏജന്റുമാരുംചേര്‍ന്ന് വധഭീഷണിമുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലിസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്ന ഫോണ്‍ നമ്പറുകളെല്ലാം പിന്നീട് സ്വിച്ച് ഓഫ് ആയ നിലയിലാണുള്ളത്.
സുപ്രഭാതം ഓഫിസ് ബോംബുവച്ചു തകര്‍ക്കുമെന്നും മാധ്യമപ്രവര്‍ത്തകരായ ജീവനക്കാരെ പച്ചക്ക് കത്തിക്കുമെന്നൊക്കെയായിരുന്നു ഭീഷണി. ഭീഷണി മുഴക്കിയവരുടെ മൊഴിയെടുക്കാന്‍ സ്റ്റേഷനില്‍ നേരില്‍ ഹാജരാകാന്‍ പൊലിസ് ബന്ധപ്പെട്ടവര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.
ഇതിനിടയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് കമ്പനിയുടെ വെബ്‌സൈറ്റിലുണ്ടായിരുന്ന ലിങ്കുകളെല്ലാം ഡി.എം.ജി കമ്പനി നീക്കം ചെയ്തതായാണ് കാണുന്നത്. കേരളത്തില്‍ മണി ചെയിന്‍ മാതൃകയിലുളള പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വിവിധ കമ്പനികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."