സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി: വ്യാജ സന്ദേശ പ്രചാരണവുമായി ബന്ധപ്പെട്ടു സാമൂഹ്യമാധ്യമങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അക്രമങ്ങളും അപവാദ പ്രചാരണങ്ങളും പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ തടയാന്‍ മുന്‍കൈയെടുക്കണമെന്നു ഗൂഗിള്‍, ട്വിറ്റര്‍, വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗാബയും സാമൂഹ്യമാധ്യമങ്ങളുടെ പ്രതിനിധികളുമായുള്ള യോഗത്തിലാണ് ആവശ്യം. ഇത്തരം സന്ദേശങ്ങളുടെ പ്രചാരണം രാജ്യസുരക്ഷയെ ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങള്‍വഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ മോശമായ വാര്‍ത്തകളും മറ്റും പ്രചരിപ്പിച്ചതിനും രാജ്യദ്രോഹപരമായ സന്ദേശങ്ങള്‍ അയച്ചതിനും നിരവധി പേര്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
സാമൂഹ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ ആഭ്യന്തര പരാതി പരിഹാരത്തിനുള്ള സംവിധാനം നിര്‍മിക്കണമെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗാബ കമ്പനി പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍, വാട്‌സ്ആപ്, യുട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രതിനിധികളും ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വിവിധ സുരക്ഷാ ഏജന്‍സികളും യോഗത്തില്‍ പങ്കെടുത്തു.
കാഴ്ചയ്ക്കനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നിര്‍ദേശവും കമ്പനി പ്രതിനിധികള്‍ക്കു മുന്നില്‍ വച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സോഷ്യല്‍ മീഡിയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ വ്യക്തമായ നിയമസംവിധാനം ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നടപടികള്‍ ത്വരിതപ്പെടുത്താനാണ് ഒരിക്കല്‍കൂടി പ്രതിനിധി സമ്മേളനം വിളിച്ചുചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."