വെസ്റ്റ് എളേരിയില്‍ 15ന് ശുചിത്വ ഹര്‍ത്താല്‍; പനി ബാധിതര്‍ കൂടുന്നു: മലയോരം ആശങ്കയില്‍
കുന്നുംകൈ: മലയോരത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ നര്‍ക്കിലക്കാട് പി.എച്ച്.സി പരിധിയിലെ എളേരിത്തട്ട്, നാട്ടക്കല്ല്, പുങ്ങംചാല്‍, വരക്കാട് എന്നീ പ്രദേശങ്ങളിലായി പത്തോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു പേരെ ഇന്നലെ വിദഗ്ദ ചികിത്സക്കായി മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതു മലയോരത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ബോധവല്‍ക്കരണവും പരിസര ശുചീകരണവും മറ്റും നടത്തിയാല്‍ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, പകര്‍ച്ചപ്പനി, ഡെങ്കിപ്പനി തുടങ്ങിയ മഴക്കാലരോഗങ്ങള്‍ പെരുകുന്നതു തടയുന്നതിനായി പരിസരശുചീകരണം, ഉറവിട നശീകരണം എന്നിവ ഊര്‍ജിതമായി നടത്തുന്നതിനായി ജൂണ്‍ 15നു ഉച്ചവരെ വെസ്റ്റ് എളേരി പഞ്ചായത്ത് ശുചിത്വ ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചു.
വാര്‍ഡ് മെമ്പര്‍മാര്‍ നേതൃത്വം നല്‍കി വാര്‍ഡുതല സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണപ്രവര്‍ത്തനങ്ങളും അന്നേദിവസം നടത്തും.
അയല്‍സഭ, ക്ലബുകള്‍ കുടുംബശ്രീ, എ.ഡി.എസ് മറ്റു സംഘടനകള്‍ എന്നിവയുടെ ഭാരവാഹികളേയും പ്രതിനിധികളേയും ഉള്‍പ്പെടുത്തി വീട് കയറിയുള്ള ബോധവല്‍ക്കരണവും നടത്തും.
വ്യാപാരിവ്യവസായി സംഘടനകളുടെയും വ്യാപാരികളുടേയും നേതൃത്വത്തില്‍ 15നു മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."