'സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്'
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സുപ്രിംകോടതി പറയുന്നത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ ഗവര്‍ണര്‍ പദം ഒഴിയുന്നതിന് മുന്‍പ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നതിന് മുന്‍പ് വാര്‍ത്താസമ്മേളനം നടത്തുന്നത്. വിധിയോട് എതിര്‍പ്പുള്ള വ്യക്തികള്‍ക്കോ രാഷ്ട്രീയകക്ഷികള്‍ക്കോ സുപ്രിംകോടതിയെ സമീപിച്ച് തങ്ങളുടെ പരാതി അറിയിക്കാം.
ശബരിമലയില്‍ സര്‍ക്കാര്‍ വിധി നടപ്പാക്കിയപ്പോള്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടായെങ്കില്‍ മാത്രമേ തനിക്ക് ഇടപെടാന്‍ കഴിയുമായിരുന്നുള്ളൂ. ശബരിമലയില്‍ സ്ത്രീപ്രവേശന സമയത്ത് ഉണ്ടായ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. ഈ റിപ്പോര്‍ട്ടിന്റെയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എല്ലാ മാസവും കേരളത്തിലെ വിഷയങ്ങള്‍ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും അറിയിക്കുന്നുണ്ട്.
ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ തനിക്ക് ഈ പദവിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനം കഴിവിനെ മാത്രം മാനദണ്ഡമാക്കിയാണ് നടത്തിയത്.
ജുഡിഷ്യല്‍ സംവിധാനത്തിന്റെ സ്വതന്ത്ര സ്വഭാവത്തിന് ഇന്ന് എന്തെങ്കിലും തടസമുള്ളതായി താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."