പി.എസ്.സി പരീക്ഷാതട്ടിപ്പില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; ചോദ്യപേപ്പര്‍ കിട്ടിയത് യൂനി. കോളജില്‍ നിന്ന്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കഴിഞ്ഞദിവസം അറസ്റ്റിലായ പൊലിസുകാരന്‍ ഗോകുല്‍. പരീക്ഷയുടെ ചോദ്യപേപ്പര്‍ ലഭിച്ചത് യൂനിവേഴ്‌സിറ്റി കോളജില്‍ നിന്നാണെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.
താനും വി.എസ്.എസ്.സിയിലെ കരാര്‍ ജീവനക്കാരനായ സഫീറും ചേര്‍ന്നാണ് ഉത്തരങ്ങള്‍ എസ്.എം.എസ് ആയി അയച്ചതെന്നും രണ്ടാം റാങ്കുകാരനായ പ്രണവാണ് എല്ലാ സൗകര്യങ്ങളുമൊരുക്കിയതെന്നും ഇയാള്‍ വെളിപ്പെടുത്തി. തിരുവനന്തപുരം സംസ്‌കൃത കോളജ് പരിസരത്തുനിന്നാണ് ഉത്തരങ്ങള്‍ എസ്.എം.എസായി അയച്ചത്. തന്റെ ബന്ധുവിന്റെ കല്ലറക്ക് സമീപമുള്ള പി.എസ്.സി കോച്ചിങ് സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. മറ്റ് പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവര്‍ക്ക് ഉത്തരങ്ങള്‍ എസ്.എം.എസായി അയച്ച് നല്‍കുകയും ചെയ്തു.
ഗോകുലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുമായി അന്വേഷണസംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. ഗോകുലിന്റെ വീട്ടിലും വല്യച്ഛന്റെ വീട്ടിലുമാണ് തെളിവെടുപ്പിനെത്തിച്ചത്. ഇയാളുടെ വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും രണ്ട് സിം കാര്‍ഡുകളും കണ്ടെടുത്തു. ഇവ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ടോയെന്നറിയുന്നതിന് കൂടുതല്‍ പരിശോധന നടത്തും. അതേസമയം, ഇന്റര്‍നെറ്റില്‍ നിന്നാണ് ശരിയുത്തരങ്ങള്‍ കണ്ടെത്തിയതെന്നത് ഉള്‍പ്പെടെയുള്ള ഗോകുലിന്റെ പല മൊഴികളും അന്വേഷണസംഘം പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇയാളെ വീണ്ടും വിവിധയിടങ്ങളില്‍ തെളിവെടുപ്പിനെത്തിക്കും. തട്ടിപ്പിനുപയോഗിച്ച ഫോണ്‍ കളഞ്ഞുപോയെന്നാണ് ഇയാള്‍ മൊഴിനല്‍കിയിരിക്കുന്നത്.
തട്ടിപ്പ് നടന്ന ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ രണ്ടാം റാങ്കുകാരനായ പ്രണവ് ഇയാളുടെ സഹപാഠിയാണ്. ഉത്തരം അയച്ചുകൊടുക്കാന്‍ കൂട്ടുനിന്ന വി.എസ്.എസ്.സിയിലെ കരാര്‍ ജീവനക്കാരന്‍ സഫീറും ഇയാളുടെ സുഹൃത്താണ്. അതേസമയം, കേസില്‍ ഒളിവിലുള്ള പ്രതികളായ പ്രണവിനെയും സഫീറിനെയും പിടികൂടാനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. യൂനിവേഴ്‌സിറ്റി കോളജിലെ കുത്തുകേസില്‍ 17ാം പ്രതി കൂടിയായ പ്രണവിനെതിരേ ലുക്ക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."