പ്രതീക്ഷ കാത്ത് ഹോളണ്ട്; ക്രിസ്റ്റ്യാനോയുടെ ഡബിളില്‍ പോര്‍ച്ചുഗല്‍
റോട്ടര്‍ഡാം: യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ഹോളണ്ട്, പോര്‍ച്ചുഗല്‍, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍ വിജയം സ്വന്തമാക്കി. അതേസമയം ഫ്രാന്‍സിനെ സ്വീഡന് 2-1ന് അട്ടിമറിച്ചു.
മൂന്നാം വട്ടവും ഹോളണ്ട് പരിശീലകനായി ചുമതലയേറ്റ ഡിക്ക് അഡ്വക്കാറ്റ് വിജയത്തോടെ തുടങ്ങി. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അവര്‍ ലക്സംബര്‍ഗിനെ വീഴ്ത്തി. ഗ്രൂപ്പില്‍ ലോകകപ്പ് പങ്കാളിത്തം പരുങ്ങലിലായിരുന്ന ഹോളണ്ടിന് വിജയത്തോടെ പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിച്ചു. ഒന്നാമതുള്ള ഫ്രാന്‍സ് സ്വീഡനോട് തോറ്റതും അവരുടെ സാധ്യതകള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കുന്നതായി മാറി. നായകന് ആര്യന് റോബന്, വെറ്ററന്‍ താരം വെസ്ലി സ്നൈഡര്‍, വിനാല്‍ഡം, പ്രോമെസ്, ജാന്സെന് എന്നിവരാണ് ഹോളണ്ടിനായി വല ചലിപ്പിച്ചത്. മത്സരത്തില്‍ സ്നൈഡര്‍ ഒരു റെക്കോര്‍ഡും കുറിച്ചു. ഹോളണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമായി സ്നൈഡര്‍ മാറി. കരിയറിലെ 131ാം മത്സരത്തില്‍ ഓറഞ്ച് കുപ്പായമണിഞ്ഞ ഗലാത്സരെ താരം എഡ്വ്വിന് വാന്‍ ഡെര്‍ സറിന്റെ 130 ക്യാപുകളുടെ റെക്കോര്‍ഡാണ് മറികടന്നത്.
രണ്ട് ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച ഫോം തുടര്‍ന്നപ്പോള്‍ പോര്‍ച്ചുഗലിന് അനായാസ വിജയം. ലാത്വിയയെ പറങ്കിപ്പട മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി.
ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ മണ്ടത്തരമാണ് സമനിലയിലാകുമായിരുന്ന മത്സരത്തില്‍ സ്വീഡനെതിരേ ഫ്രാന്‍സിനെ തോല്‍വിയേക്ക് തള്ളിയിട്ടത്. കളിയുടെ അവസാന നിമിഷം വരെ 1-1ന് സമനിലയില്‍ നിന്ന പോരാട്ടത്തിന്റെ 90ാം മിനുട്ടില്‍ ലോറിസ് മൈനസ് പാസ് സ്വീകരിച്ച് സ്വന്തം ബോക്സിന്റെ പുറത്ത് വന്ന് മൈതാനത്തിന്റെ മധ്യഭാഗത്തേക്ക് അടിച്ചകറ്റിയെങ്കിലും മധ്യത്തില്‍ നിന്ന സ്വീഡിഷ് താരം ടൊയ്വോനെനാണ് പന്ത് ലഭിച്ചത്. ഒഴിഞ്ഞ വല ലക്ഷ്യമാക്കി സ്വീഡിഷ് താരം നീട്ടിയടിച്ച പന്ത് നേരെ വലയിലേക്ക് കയറി. ബോക്സിന് പുറത്ത് നിന്ന് ഓടിയെത്തി തടുക്കാന്‍ ഫ്രഞ്ച് നായകന് സാധിച്ചതുമില്ല.
മറ്റു മത്സരങ്ങളില്‍ ബെല്‍ജിയം 2-0ത്തിന് എസ്റ്റോണിയയേയും സ്വിറ്റ്സര്‍ലന്‍ഡ് ഇതേ സ്കോറിന് ഫറോവ ഐലന്‍ഡിനേയും അന്‍ഡോറ 1-0ത്തിന് ഹംഗറിയേയും വീഴ്ത്തി. സൈപ്രസ്- ജിബ്രാള്ടറിനേയും ബള്‍ഗേറിയ- ബെലാറസിനേയും 2-1ന് പരാജയപ്പെടുത്തി. ഗ്രീസ്- ബോസ്നിയ ഹെര്‍സഗോവിന മത്സരം ഗോള്‍രഹിത സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."