ഇറാനെതിരായ ഉപരോധം നവംബര്‍ അഞ്ചിന് പുനഃസ്ഥാപിക്കുമെന്ന് അമേരിക്ക
വാഷിങ്ടണ്‍: 2015ലെ ഇറാന് ആണവ കരാറിനെ തുടര്‍ന്നു പിന്‍വലിച്ച ഇറാനെതിരായ ഉപരോധം അടുത്ത മാസം ആദ്യവാരം പുനഃസ്ഥാപിക്കുമെന്നു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ അഞ്ചു മുതലാണ് പുതിയ ഉപരോധം പ്രാബല്യത്തില്‍വരികയെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
ആണവ കരാറില്‍നിന്നു പിന്മാറിയതിനു ശേഷം പലതവണ ട്രംപ് ഉപരോധ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, ബ്രിട്ടന്, ഫ്രാന്‍സ് അടക്കമുള്ള സഖ്യരാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതുവരെ ഇതു പ്രാബല്യത്തില്‍ വന്നിരുന്നില്ല.
ആണവ കരാറിനെ തുടര്‍ന്നു പിന്‍വലിച്ച എല്ലാ ഉപരോധങ്ങളും നവംബര്‍ അഞ്ചു മുതല്‍ പുനഃസ്ഥാപിക്കും. ലോകത്തിനു ഭീഷണിയായ അപകടകരമായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതു തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം. അവര്‍ നിലപാടില്‍ മാറ്റം വരുത്തിയാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. അല്ലെങ്കില്‍ ഇതിലും ശക്തമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് പ്രസ്താവിച്ചു.
ഇറാന് പിന്തുണയുള്ള ലബനീസ് സായുധ വിഭാഗമായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു നടപ്പാക്കിയ ഉപരോധങ്ങള്‍ക്കു വ്യാഴാഴ്ച ട്രംപ് അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിറകെയാണ് ഇറാനെതിരായ ഉപരോധ വിവരം പുറത്തുവിട്ടത്. ഇറാന് ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അമേരിക്കയടക്കം വിവിധ ലോകരാജ്യങ്ങള്‍ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. ഒബാമ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തയാറായ ആണവ കരാറിനെ തുടര്‍ന്നു മുഴുവന്‍ രാജ്യങ്ങളും ഉപരോധം പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."