പശ്ചിമഘട്ടത്തെ തകര്‍ത്തത് കുത്തക മുതലാളിമാര്‍: മാധവ് ഗാഡ്ഗില്‍
കല്‍പ്പറ്റ: പശ്ചിമഘട്ടത്തെ ഇത്തരത്തില്‍ തകര്‍ത്തതിനു പിന്നില്‍ കുത്തക മുതലാളിമാരാണെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍. കല്‍പ്പറ്റയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ നടത്തിയ പശ്ചിമഘട്ട സംരക്ഷണവും വയനാടിന്റെ ഭാവിയും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് മുളകള്‍ കൊണ്ട് സമ്പന്നമായിരുന്നു പശ്ചിമഘട്ട മേഖല. എന്നാല്‍ ഇന്നു മുളകള്‍ കാണാനേയില്ല.
ഇതിനു കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുത്തക മുതലാളിമാരുടെ പണം കൊയ്യുക എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രം മുളങ്കാടുകളെ കൊന്നതായിരുന്നു.
പാവപ്പെട്ട സാധാരണക്കാരന്‍ ഒരു ടണ്‍ മുള 1500 രൂപ തോതില്‍ വാങ്ങിയ അക്കാലത്ത് കേവലം ഒരു രൂപ അന്‍പതു പൈസയ്ക്കാണ് കുത്തക മുതലാളിമാര്‍ക്ക് സര്‍ക്കാരുകള്‍ മുള വിറ്റത്.
ഇത്തരത്തില്‍ മുളകള്‍ കൊണ്ട് പണം കൊയ്തിരുന്ന പല ആളുകളോടും ഞാന്‍ സംസാരിച്ചിരുന്നു. നിങ്ങള്‍ മുളകള്‍ ഇത്തരത്തില്‍ വെട്ടിക്കൊണ്ടുപോയാല്‍ പശ്ചിമഘട്ടമെങ്ങിനെ നിലനില്‍ക്കുമെന്നായിരുന്നു ഞാന്‍ അവരോട് ചോദിച്ചത്.
എന്നാല്‍ അവരില്‍ നിന്ന് ലഭിച്ച മറുപടി എന്നെ ഞെട്ടിക്കുന്നതായിരുന്നു. ഞങ്ങള്‍ ലക്ഷ്യമിടുന്നത് പരിസ്ഥിതിയുടെ ഉന്നമനമല്ല, പണം മാത്രമാണെന്നായിരുന്നു ഇവരുടെ ഭാഷ്യം. ഒപ്പം മുള കഴിഞ്ഞാല്‍ ഞങ്ങള്‍ അടുത്ത ഉല്‍പന്നത്തിലേക്ക് കടക്കുമെന്നും അന്നുതന്നെ അവര്‍ പറഞ്ഞിരുന്നു. അവരതു നടപ്പിലാക്കിയപ്പോള്‍ സര്‍ക്കാരുകള്‍ അഴിമതിക്കും മറ്റുമായി അവരുടെ കൂടെ നിന്നു. ഇതുകൊണ്ടു അവര്‍ക്ക് ലാഭമല്ലാതെ നഷ്ടങ്ങളൊന്നുമുണ്ടായില്ല.
എന്നാല്‍ പരിസ്ഥിതി നിലനിന്നാലെ തങ്ങള്‍ക്കു നിലനില്‍പ്പുള്ളൂ എന്നു മനസിലാക്കി പരിസ്ഥിതിയെ സംരക്ഷിച്ച് പോന്ന സാധാരണക്കാരായ ജനങ്ങളാണ് ഇവര്‍ ഉണ്ടാക്കി വച്ച ഭവിഷത്തുകളുടെ കെടുതികള്‍ അനുഭവിക്കേണ്ടി വന്നത്.
അത്തരത്തിലുള്ള ഒരു ദുരന്തമായിരുന്നു പുത്തുമലയിലും മറ്റും നടന്നത്.
ഗോവയില്‍ ഖനനം നടത്തിയിരുന്ന മാഫിയകള്‍ ഗോവയിലെ ഒരിടത്തുപോലും താമസമാക്കിയിരുന്നില്ല.
അവരെല്ലാം താമസിച്ചിരുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലെ കൊട്ടാര സമാനമായ മണിമാളികകളിലായിരുന്നു. അവിടെ ഇന്നും കെടുതികള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത് സാധാരണക്കാരായ ആളുകളാണ്.
സര്‍ക്കാരുകളുടെ പരിസ്ഥിതി ചൂഷണത്തിന് കേരളത്തില്‍നിന്നുള്ള ഏറ്റവും നല്ല ഉദാഹരണമാണ് പ്ലാച്ചിമടയില്‍ കൊകോ കോളക്കായി ഭൂമി നല്‍കിയതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും. ഹൈക്കോടതി ഈ വിഷയത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകൃതി വിഭവങ്ങളുടെ കാവലാളുകള്‍ അതാത് പ്രദേശത്തെ പഞ്ചായത്തുകളാണെന്നായിരുന്നു.
നമ്മള്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ ഇനിയും ദുരന്തങ്ങള്‍ നമ്മെ തേടിയെത്തുമെന്ന് ഗാഡ്ഗില്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."